കുണ്ടും കുഴിയും; നാശത്തിന്റെ വക്കിൽ പാപ്പിനിശ്ശേരി-പിലാത്തറ റോഡിലെ മേൽപ്പാലങ്ങൾ

പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ മധ്യഭാഗത്ത് കുഴികള്‍ നിറഞ്ഞ് തകര്‍ന്ന ഭാഗം
പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ മധ്യഭാഗത്ത് കുഴികള്‍ നിറഞ്ഞ് തകര്‍ന്ന ഭാഗം

പാപ്പിനിശ്ശേരി: നിത്യേന നിരവധി അപകടങ്ങൾക്കിടയാക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ രണ്ട് മേൽപ്പാലങ്ങളിലെ യാത്രകളും ദുരിതവും നടുക്കവും സൃഷ്ടിക്കുന്നു. റോഡും മേൽപ്പാലങ്ങളും തുറന്നുകൊടുത്ത് ഏഴ് വർഷമാകുമ്പോഴേക്കും ഇരു മേൽപ്പാലങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. 2021-ൽ പാലങ്ങളുടെ നിർമിതിയിൽ അപാകമുണ്ടെന്ന സമിതിയുടെ റിപ്പോർട്ടുകളെ തുടർന്ന് ഇരു മേൽപ്പാലങ്ങളും മൂന്നാഴ്ചയോളം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇരു മേൽപ്പാലങ്ങളിലും വൻ കുഴികളും പാലത്തിലെ കോൺക്രീറ്റിലെ കമ്പികൾ പുറത്തുചാടിയനിലയിലുമാണ്. പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ കുഴികളും മറ്റും കാണപ്പെടുന്ന ഭാഗത്തെ പാലത്തിന്റെ അടിഭാഗത്തും വിള്ളലുകൾ ദൃശ്യമായിട്ടുണ്ട്. ഇരു മേൽപ്പാലങ്ങളും തുറന്നുകൊടുത്ത് ഒരുവർഷത്തിനുള്ളിൽ തന്നെ കുഴികൾ നിറയാൻ തുടങ്ങിയിരുന്നു.

ഓരോ വർഷവും പലതവണ കുഴിയടക്കുന്നത് മേൽപ്പാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.

നാല് വർഷം മുൻപ് പ്രധാന അറ്റകുറ്റപ്പണി നടത്തിയിട്ടും മേൽപ്പാലങ്ങളുടെ അപാകം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നും സമാനരീതിയിൽ കുഴികൾ നിറയുകയായിരുന്നു. എല്ലാവർഷവും 10 മുതൽ 15 വരെ തവണ മേൽപ്പാലങ്ങളിൽ കുഴി അടക്കുന്നത് ഒരു കീഴ്‌വഴക്കമായി മാറി. ഇത്തവണ കാലവർഷം തുടങ്ങിയതിന് ശേഷം മാത്രം പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ നാല് തവണ കുഴി അടക്കൽ യജ്ഞം നടന്നു.

പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ റെയിൽവേ ലൈനിന് കിഴക്കുഭാഗത്താണ് വൻ തകർച്ചയും കുഴികളും പതിവായി നിറയുന്നത്. താവം മേൽപാലമാകെ പൂർണമായി കുഴി പാതയായി മാറി.

പല സ്ഥലത്തും കമ്പികൾ പുറത്തേക്ക് തള്ളിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരു പരിഹാരനടപടിയും ഉണ്ടാക്കാത്തതിനാൽ പ്രതിഷേധവും കനക്കുകയാണ്. കുഴിയിൽ വീണ് നിത്യേന അപകടങ്ങളിൽപ്പെടുന്നവർ നിരവധിയാണ്. രാത്രി പാലത്തിലെ കൂരിരുട്ടിൽ കുഴി പോലും തിരിച്ചറിയാനാകാത്തതും അപകടാസാധ്യത കൂട്ടുകയാണ്.

കെഎസ്ടിപി റോഡ് വഴി നിരവധി വാഹനങ്ങൾ

ദേശീയപാതാ വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പയ്യന്നൂർ ഭാഗത്തുനിന്ന്‌ തെക്കോട്ടും കണ്ണൂർ ഭാഗത്തുനിന്ന്‌ വടക്കോട്ടും പോകുന്ന ഭൂരിഭാഗം വാഹനങ്ങളും ആശ്രയിക്കുന്നത് കെഎസ്ടിപി റോഡിനേയാണ്.

ഇതിൽ 12-ഉം 16-ഉം ചക്രങ്ങളുള്ള ചരക്ക് വാഹനങ്ങളും ധാരാളമുണ്ട്. കൂടാതെ ദീർഘദൂര യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും കെഎസ്ടിപി റോഡിനേയാണ്. ആറ് കിലോമീറ്ററോളം ദൂരം കുറഞ്ഞുകിട്ടുന്നതും ദേശീയ പാതയിലെ കുരുക്കിൽനിന്ന്‌ മോചനംതേടിയും ഡ്രൈവർമാരുടെ ഇഷ്ട റൂട്ടാണിത്. അതിന്റെ ഭാഗമായിത്തന്നെ അമിതവേഗം സൃഷ്ടിക്കുന്ന അപകടങ്ങളും റൂട്ടിലുണ്ട്. നിരവധിപേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്.

Content Highlights: pappinisherry pilathara overbridges on the verge of collapse