പാനൂര്‍ ബോംബ് സ്‌ഫോടനം; നാലരമാസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല, പ്രതികള്‍ ജാമ്യത്തില്‍

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി.

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി ഒരാൾ മരിച്ച കേസിൽ 140 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റപത്രം സമർപ്പിക്കാനായില്ല. സാങ്കേതികകാരണങ്ങളാണ് പോലീസ് പറയുന്നത്. കുറ്റപത്രം നൽകാത്തതിനാൽ ഒരാൾ ഒഴികെ മുഴുവൻ പ്രതികൾക്കും തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു. സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ.

ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലാകുകയും ആസ്പത്രിയിൽ നിന്ന് ഇറങ്ങിയതോടെ അറസ്റ്റിലാവുകയും ചെയ്ത വലിയപറമ്പത്ത് വിനീഷിന് മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്.

ഏപ്രിൽ അഞ്ചിന് പുലർച്ചെ പാനൂർ മുളിയാത്തോടിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തുള്ള നിർമാണത്തിലുള്ള വീടിന്റെ ടെറസ്സിന് മുകളിലാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡി.വൈ.എഫ്.െഎ. പ്രവർത്തകരായ അടുപ്പ് കൂട്ടിയ പറമ്പത്ത് സബിൻ ലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), ചെണ്ടയാട് പാടാൻ താഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായൂജ് (24), മുളിയാത്തോട് കെ.മിഥുൻലാൽ (27), കുന്നോത്ത് പറമ്പിൽ അമൽ ബാബു (29), ചെറുപ്പറമ്പ് ജാൻസി റോഡ് തങ്കേശപ്പുരയിൽ ഷിജാൽ (28), കരിയാവുള്ളത്തിൽ ചാലിൽവീട്ടിൽ അക്ഷയ് (25), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ-26), കിഴക്കെ കതിരൂരിലെ രജിലേഷ് (43), മണിക്കട്ടറയിൽ ജിജോഷ് (38), വടകര മടപ്പള്ളി ബാബു (64), ചിറക്കണ്ടിയിമൽ വിനോദൻ (38) എന്നിവരാണ് കേസിലെ പ്രതികൾ.

എരഞ്ഞോളി സ്ഫോടനം; പ്രതികൾ കാണാമറയത്ത്‌ തന്നെ

എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിലും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കുടക്കളത്തെ വേലായുധൻ (80) ആണ് സ്ഫോടനത്തിൽ മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോൾ കളഞ്ഞുകിട്ടിയ വസ്തു തുറന്നുനോക്കിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.

Content Highlights: panoor bomb blast- after four and a half months, there was no charge sheet