ഞെരിഞ്ഞമർന്ന ബൂട്ടുകളുടെ ഒച്ചയും നിലവിളിയും ഇന്നും ഓർമ്മയിലേക്കുണർന്നുവരുന്ന പണിക്കേഴ്‌സ് ബംഗ്ലാവ്

തിരുവനന്തപുരം: പഴയ പോലീസിന്റെ കൂമ്പൻതൊപ്പിപോലെ മേൽക്കൂരയെടുപ്പുള്ള ആ കെട്ടിടം, ഭൂതകാലം മായ്ച്ചുകളയാനെന്നപോലെ മുഖമാകെ മിനുക്കിയിട്ടുണ്ട് ഇപ്പോൾ. പക്ഷേ, ഞെരിഞ്ഞമർന്ന ബൂട്ടുകളുടെ ഒച്ചയും നിലവിളിയും ഓർമ്മയിലേക്കുണർന്നുവരും ഇന്നും പണിക്കേഴ്‌സ് ബംഗ്ലാവ് എന്ന ഈ കെട്ടിടത്തിൽനിന്ന്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് നരവേട്ടയ്ക്ക് ഇടമൊരുക്കിയ തടങ്കൽപ്പാളയമായിരുന്നു ഇത്. ശാസ്തമംഗലം പണിക്കേഴ്‌സ് ലെയ്നിലെ കൊട്ടാരസമാനമായ ഈ മാളികയിലിപ്പോൾ എസിവിയുടെ ഓഫീസാണ് പ്രവർത്തിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പിടികൂടിയ വർക്കല വിജയനെ പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയതുൾപ്പെടെ, നിരവധി ഭരണകൂടഭീകരതയ്ക്കും മനുഷ്യത്വവിരുദ്ധതയ്ക്കും സാക്ഷിയായ ഇടമാണിത്. തിരുവനന്തപുരത്തെ ‘കക്കയം ക്യാമ്പ്’ എന്നായിരുന്നു പണിക്കേഴ്‌സ് ബംഗ്ലാവിന്റെ കുപ്രസിദ്ധി. അടിയന്തരാവസ്ഥവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ, ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ പിടികൂടിയവരെ ഇവിടെയെത്തിച്ചാണ് പോലീസ് പൂട്ടിയിട്ടു മർദ്ദിച്ചത്. ചിലരെ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു. പലരെയും കുടിവെള്ളംപോലും കൊടുക്കാതെ ദിവസങ്ങളോളം ഇരുട്ടുമുറികളിലിട്ടു പീഡിപ്പിച്ചു.
‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്നെഴുതിയ പോസ്റ്റർ വർക്കലയിൽ ഒട്ടിച്ചതിനാണ് വിജയനെ പിടികൂടി ഈ തടങ്കൽപ്പാളയത്തിലെത്തിച്ചത്. പിന്നീട് മൃതദേഹംപോലും പുറംലോകം കണ്ടില്ല. ശാസ്തമംഗലം പണിക്കർ കുടുംബത്തിന്റെ തറവാടുവീടാണിത്. പണിക്കേഴ്‌സ് െലയ്‌ൻ എന്ന പേരു വന്നതും അങ്ങനെയാണ്. ഉടമയായ അഡ്വ. പണിക്കർ ഇപ്പോഴും ഇതിനു സമീപം താമസമുണ്ട്. കെട്ടിടം പുതുക്കിപ്പണിതപ്പോൾ കൈവിലങ്ങുകളും പ്രതികളെ കെട്ടിയിടാനും കെട്ടിത്തൂക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഇരുമ്പു പട്ടകളും നീക്കംചെയ്തു. ഇപ്പോൾ മുകളിൽ ഒരു നിലകൂടി പണിതിട്ടുണ്ട്. ആ കാലത്തിന്റെ കറുത്ത സ്മാരകമായ ഇവിടേക്ക്് എല്ലാ വർഷവും ജൂൺ 25-ന് അടിയന്തരാവസ്ഥ തടവുകാരുടെ സംഘടന മുടങ്ങാതെ മാർച്ച് നടത്താറുണ്ട്.
Content Highlights: Panicker`s Bungalow in Thiruvananthapuram, once a detention center during the Emergency