നരഭോജിക്കടുവയുടെ ഭീതിയൊഴിഞ്ഞ ആശ്വാസത്തില്‍ പഞ്ചാരക്കൊല്ലി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്

കടുവഭീതിയൊഴിഞ്ഞ ആശ്വാസത്തിൽ ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കു അഭിവാദ്യമർപ്പിക്കുന്ന പ്രദേശവാസികൾ
കടുവഭീതിയൊഴിഞ്ഞ ആശ്വാസത്തിൽ ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കു അഭിവാദ്യമർപ്പിക്കുന്ന പ്രദേശവാസികൾ

മാനന്തവാടി: മൂന്നുനാള്‍ കടുവാഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ പഞ്ചാരക്കൊല്ലിക്കാരെ കാത്ത് തിങ്കളാഴ്ച രാവിലെ എത്തിയത് കടുവ ചത്തെന്ന ആശ്വാസവാര്‍ത്തയാണ്. കടുവയെ പിടിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ജനം വീടുകളില്‍ തന്നെയിരുന്നു. കടുവ ചത്തവിവരം നാട് അറിയുമ്പോഴേക്കും കടുവയുടെ ജഡം വനപാലകര്‍ വാഹനത്തിലാക്കി ഉദ്യോഗസ്ഥരുടെ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി പഞ്ചാരക്കൊല്ലി എസ്റ്റേറ്റ് ഓഫീസിലെത്തിച്ചു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നവര്‍ സന്തോഷത്തോടെ ഇവിടേക്ക് ഓടിയെത്തി. മുകളിലേക്ക് പോകാന്‍ അനുവദിച്ചില്ല. പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ പ്രധാന കവാടത്തില്‍ എല്ലാവരേയും പോലീസ് തടഞ്ഞു. കടുവ ചത്തെന്ന ആശ്വാസവാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ നിയമപാലകര്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും അക്ഷരംപ്രതി അനുസരിച്ചു.

പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും അടിക്കടി കടുവയുടെ സാന്നിധ്യമുണ്ടാവാറുണ്ടെങ്കിലും കടുവ മനുഷ്യരെതിന്നുന്ന രീതിയില്‍ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കടുവയെ പിടിക്കാന്‍ വൈകുന്നതിനാല്‍ വനപാലകരോടും പോലീസിനോടുമുള്ള പ്രദേശവാസികളുടെ അമര്‍ഷം പ്രകടവുമായിരുന്നു. രാധയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രനും പ്രതിഷേധത്തിന്റെ ചൂട് നന്നായി അറിഞ്ഞു. രാധയുടെ വീടിനുമുന്നിലുള്ള റോഡില്‍ എത്തിയ മന്ത്രിക്ക് അരമണിക്കൂറിനു ശേഷമാണ് പോലീസ് വലയത്തില്‍ വീടിനകത്തേക്ക് പ്രവേശിക്കാനായത്. ഇത്തരത്തിലുള്ള പ്രതിഷേധം നടത്തിയ ജനം മന്ത്രിമാരായ ഒ.ആര്‍. കേളു, എ.കെ. ശശീന്ദ്രന്‍, വനപാലകര്‍, പോലീസ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ അഭിനന്ദിച്ച് മുദ്രാവാക്യം വിളിക്കുന്ന കാഴ്ചയ്ക്കാണ് തിങ്കളാഴ്ച രാവിലെ പഞ്ചാരക്കൊല്ലി സാക്ഷ്യം വഹിച്ചത്.

കടുവ ചത്തതാണെങ്കിലും അതിനെ കൊന്നതാണെങ്കിലും ആശ്വാസമാണെന്നാണ് ജനകീയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മാനന്തവാടി നഗരസഭാ മുന്‍ കൗണ്‍സിലര്‍ മുജീബ് കോടിയോടന്‍ പ്രതികരിച്ചത്. പ്രദേശത്തെ ഭീതിയിലാക്കി കടുവയുടെ ജഡം വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ വനപാലകരെ അഭിനന്ദിച്ചു മുദ്രാവാക്യം വിളിച്ചാണ് പ്രദേശവാസികള്‍ യാത്രയാക്കിയത്.

പടക്കം പൊട്ടിച്ചും മിഠായി വിതരണംചെയ്തും തങ്ങളുടെ ഭീതിയകന്ന സന്തോഷം പ്രദേശവാസികള്‍ പങ്കുവെച്ചു. അടുത്ത ദിവസം മുതല്‍ സമാധാനമായി ജോലിക്കു പോകാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു തോട്ടംതൊഴിലാളികള്‍. ദിവസങ്ങളായി തങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ ഒരു നോക്ക് കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള തിരക്കിലായിരുന്നു പ്രദേശവാസികള്‍. അതേസമയം മറ്റൊരു കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് നരഭോജി കടുവ ചത്തതെന്ന ഔദ്യോഗിക വിശദീകരണം ചെറുതല്ലാത്ത ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്.

Content Highlights: A man-eating tiger`s death brings relief to Pancharakolli residents after days of fear and a curfew