പാമ്പുണ്ടോ.. പിടിച്ചാൽ കിട്ടും 500; സഹായധനവുമായി പള്ളിക്കൽ പഞ്ചായത്ത്

#ന്യൂസ് ഡെസ്ക്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പള്ളിക്കൽ: വീടിനുള്ളിൽ പാമ്പ് കയറിയിട്ടുണ്ടോ. ചുറ്റുവട്ടത്ത് പാമ്പുശല്യമുണ്ടോ. ധൈര്യമായി പാമ്പുപിടിത്തക്കാരെ വിളിക്കാം. പാമ്പുപിടിത്തക്കാർക്ക് പള്ളിക്കൽ പഞ്ചായത്ത് ആശ്വാസ സഹായധനമായി 500 രൂപ നൽകും.

നിയമപരമായും സുരക്ഷിതമായും പാമ്പുകളെ പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയിൽ മോചിപ്പിക്കുന്ന വനംവകുപ്പിന്റെ അംഗീകൃത ലൈസൻസുള്ള പാമ്പുപിടിത്തക്കാർക്കാണ് പഞ്ചായത്ത് പാമ്പൊന്നിന് 500 രൂപ നൽകുക. തുക കാലാനുസൃതമായി കൂട്ടിക്കൊടുക്കും. ഏതു പാമ്പിനെ പിടിച്ചാലും ഇതു ലഭിക്കും.

പള്ളിക്കൽ പഞ്ചായത്തിലെ നെടുങ്ങോട്ടുമാട് വാർഡംഗം മുസ്തഫ പള്ളിക്കൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തത്. നിലവിൽ പൊതുവിടങ്ങളിൽ ചത്തുകിടക്കുന്ന നായ്‌ക്കളെ മറവുചെയ്യാൻ മാത്രമാണ് പഞ്ചായത്ത് സഹായം അനുവദിക്കുന്നത്.

വിഷപ്പാമ്പുകൾ, പെരുമ്പാമ്പുകൾ തുടങ്ങിയവയെ പിടികൂടി നിയമാനുസൃതമായി മോചിപ്പിക്കുന്നതിന് പാമ്പുപിടിത്തക്കാരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ അവരുടെ യാത്രാച്ചെലവ്, പാമ്പുകൾക്കുള്ള ഭക്ഷണം, പാമ്പുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചെലവ് എന്നിവ വിളിച്ചുവരുത്തുന്നവർ വഹിക്കേണ്ടിവരുന്നു.

നിർധന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഭാരമാണ്. മിക്കവാറും ജനപ്രതിനിധികളും സ്ഥലത്തെ പ്രധാനികളുമാണ് ചെലവ്‌ വഹിക്കാറുള്ളത്.

ഇതു പരിഗണിച്ചാണ് ലൈസൻസുള്ള പാമ്പുപിടിത്തക്കാർക്ക് സഹായധനം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചത്. പദ്ധതി ഉടൻ നിലവിൽവരും. യോഗത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. സാബിറ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.പി. സക്കീർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. മുസ്തഫ തങ്ങൾ, കെ.പി. ഖൈറുന്നീസ, പി.എ. നഫീസ റിൻസി, സെക്രട്ടറി ഒ. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.

Content Highlights: Pallickal Panchayat offers Rs 500 financial aid to licensed snake catchers., Applies to catching any snake and safely releasing it into natural habitats., Initiative aims to reduce the financial burden on snake catchers and poor families., Proposed by ward member Mustafa Pallickal and approved by the panchayat board.