പലതവണ ചര്‍ച്ച നടത്തി; പാലിയേക്കര ടോള്‍പിരിവ് അടച്ചത് അടിമുടി അലംഭാവത്തെ തുടര്‍ന്ന്

തൃശ്ശൂര്‍: സംയുക്തപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ടോള്‍പിരിവ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
ചാലക്കുടി ഡിവൈഎസ്പി, ആര്‍ടിഒ, തഹസില്‍ദാര്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പലവട്ടം നടത്തിയ യോഗങ്ങളില്‍ നിര്‍ദേശിച്ചതൊന്നും ദേശീയപാതാ അതോറിറ്റി പരിഗണിച്ചിട്ടുപോലുമില്ലെന്ന് വ്യക്തമായത്.
1. പണി നടക്കുന്ന ഇടങ്ങളില്‍ ഫ്‌ലാഗ്മാനെ നിയോഗിച്ചില്ല
2. ആഴത്തില്‍ കുഴിയെടുക്കുന്ന ഭാഗങ്ങളില്‍ സര്‍വീസ് മതിയായ സംരക്ഷണ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടില്ല
3. സര്‍വീസ് റോഡിനരികില്‍ നിലവിലുള്ള വൈദ്യുതിക്കാലുകള്‍ മാറ്റിയിട്ടില്ല
4. പ്രധാന റോഡുകളില്‍നിന്ന് സര്‍വീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ എല്ലായിടത്തും വീതി കൂട്ടിയിട്ടില്ല
5. റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടില്ല
6. മതിയായ വെളിച്ചം, മുന്നറിയിപ്പുബോര്‍ഡുകള്‍, റിഫ്‌ലക്ടറുകള്‍ എന്നിവ സ്ഥാപിച്ചിട്ടില്ല
7. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം എല്ലായിടത്തും പൂര്‍ത്തിയാക്കിയിട്ടില്ല. മഴയില്‍ കൊരട്ടി ജങ്ഷനില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു
8. നിര്‍മാണപ്രവൃത്തികള്‍ മന്ദഗതിയിലാണെന്നും ക്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്
കുരുക്ക് കഠിനമെന്ന് കളക്ടര്‍
ചിറങ്ങര അടിപ്പാതനിര്‍മാണസ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് ദേശീയപാതാ അതോറിറ്റിയുമായി മൂന്നുതവണ തൃശ്ശൂര്‍ ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് ടോള്‍ നിര്‍ത്താന്‍ ഏപ്രില്‍ 16-ന് കളക്ടര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ദേശീയപാതാ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ ഉത്തരവ് പുറത്തിറങ്ങുംമുന്‍പ് പിന്‍വലിച്ചു. തുടര്‍ന്ന് ഏപ്രില്‍ 22-ന് നടന്ന യോഗത്തില്‍ 28-നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഉത്തരവ് നടപ്പാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അശാസ്ത്രീയമായും ആസൂത്രണമില്ലാതെയുമുള്ള നിര്‍മാണപ്രവൃത്തികള്‍മൂലം അടിയന്തരാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളുള്‍പ്പെടെ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Content Highlights: Thrissur Collector suspends toll collection due to unsafe construction and traffic congestion