പാലിയേക്കരയിലെ കുരുക്കഴിഞ്ഞേക്കും; ടോൾപ്ലാസ താംബരം മാതൃകയിൽ തടസ്സരഹിതമാക്കാൻ ആലോചന

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസ തമിഴ്‌നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന (ബാരിയർഫ്രീ) കാര്യം പരിശോധിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് കളക്ടർ ശിഖാ സുരേന്ദ്രൻ നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം.
ദേശീയപാതനിർമാണത്തിലെ സുരക്ഷാപ്രശ്നങ്ങൾ, വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ സംബന്ധിച്ച് സംയുക്തപരിശോധനാസംഘം സമർപ്പിച്ച റിപ്പോർട്ടു പ്രകാരമുള്ള അപാകം പൂർണമായി പരിഹരിച്ചതായി ദേശീയപാത 66 പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഇവ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ പോലീസിനെയും മോട്ടോർവാഹനവകുപ്പിനെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തേ നടത്തിയ പരിശോധനയിൽ ദേശീയപാത 66-ൽ നാലു കിലോമീറ്റർ ദൂരത്തിൽ തെരുവുവിളക്കുകളില്ലെന്നു കണ്ടെത്തിയിരുന്നു. ഇവിടെ പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കി എൻ.എച്ച്.എ.ഐ. ആസ്ഥാനത്തേക്കയക്കുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് പോലീസ്, മോട്ടോർവാഹനവകുപ്പ്, റവന്യൂ, എൻ.എച്ച്.എ.ഐ. പ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന പ്രത്യേകസമിതി രൂപവത്കരിക്കാനും തീരുമാനമായി. ഇതിനായി കൊടുങ്ങല്ലൂരിൽ ബൈപാസിനോടു ചേർന്ന് 6,000 ചതുരശ്രയടി സ്ഥലം കണ്ടെത്തിയതായി എൻ.എച്ച്.എ.ഐ. അറിയിച്ചു.
Content Highlights: Thrissur Collector Shikha Surendran instructed NHAI to consider converting the congested Paliyekkara toll plaza into a barrier-free system on the lines of Tamil Nadu's Tambaram model to ease highway traffic.