പാലിയേക്കര ടോൾ പ്ലാസയിൽ പിറകോട്ടെടുത്ത ട്രെയിലർ ദേഹത്തുകയറി മരണം, അപകടം വാഹനനിയന്ത്രണത്തിനിടെ

പാലിയേക്കര(തൃശ്ശൂർ): ടോൾബൂത്തിൽ പിറകിലേക്കെടുത്ത ട്രെയിലർ ദേഹത്തുകയറി ടോൾകമ്പനി ജീവനക്കാരൻ മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവറുടെ പേരിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.
തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയായിരുന്നു അപകടം. ഫാസ്ടാഗിൽ പണമില്ലാതെ ബൂത്തിൽ കയറിയ ടോറസ് ലോറി ട്രാക്കിൽനിന്ന് മാറ്റുന്നതിന് പിന്നിലുണ്ടായിരുന്ന ട്രെയിലർ പിറകിലേക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്.
ട്രാക്കിൽ വാഹനങ്ങൾ നിയന്ത്രിക്കുകയായിരുന്ന മണികണ്ഠൻ പിന്നിൽനിന്ന് ലോറി വന്നതറിഞ്ഞില്ല. ട്രെയിലർ വേഗത്തിൽ പിറകിലേക്കെടുത്തതാണ് അപകടകാരണമെന്നും പറയുന്നു.
ലോറിയിടിച്ച് വീണ മണികണ്ഠന്റെ ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങി. ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Content Highlights: Manikkandan (58) was killed in a tragic accident in Paliyekkara toll plaza