ടോൾപിരിവ് നിർത്തിയ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെ പാലിയേക്കരയിൽ സംഘർഷം; ഗേറ്റുകൾ തുറന്ന് AIYF

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാത്രി എഐവൈഎഫ് പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ടോള്‍പ്ലാസയിലെ ഗേറ്റുകള്‍ പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തുറന്നുകൊടുത്തു. ഇതോടെ പോലീസ് ഇടപെടുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയാണ്.
അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടത്. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവെക്കണമെന്നായിരുന്നു കളക്ടറുടെ നിര്‍ദേശം.
എന്നാല്‍, ചൊവ്വാഴ്ച വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ രേഖാമൂലം കളക്ടര്‍ക്ക് ഉറപ്പുനല്‍കി. ഇതോടെയാണ് ടോള്‍പിരിവ് നിര്‍ത്തിയുള്ള ഉത്തരവ് കളക്ടര്‍ മരവിപ്പിച്ചത്.
Content Highlights: AIYF protest in thrissur paliyekkara toll plaza