പാലത്തായി പീഡനക്കേസില്‍ വീണ്ടും ആരോപണം; അന്വേഷണ ഉദ്യോഗസ്ഥനെതിരേ റിട്ട. ഡിവൈഎസ്പി

#മാതൃഭൂമി ന്യൂസ്
പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പത്മരാജൻ | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പത്മരാജൻ | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ. രത്‌നകുമാറിനെതിരേ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍. റിട്ട. ഡിവൈഎസ്പിയായ റഹീമാണ് പാലത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രത്‌നകുമാറിനെതിരേ സാമൂഹികമാധ്യമത്തിലൂടെ രംഗത്തെത്തിയത്. പാലത്തായി കേസില്‍ പീഡനം നടന്നെന്ന് പറയുന്ന ശൗചാലയം രത്‌നകുമാറിന്റെ അന്വേഷണത്തില്‍ മാറ്റിയെന്നും ശൗചാലയത്തില്‍നിന്ന് കണ്ടെത്തിയ രക്തക്കറ അതിജീവിതയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനായില്ലെന്നുമാണ് റഹീമിന്റെ ആരോപണം.

ചെരിപ്പിനനുസരിച്ച് കാലുമുറിക്കുകയെന്ന രീതിയിലാണ് രത്‌നകുമാര്‍ അന്വേഷണം കൊണ്ടുപോയതെന്ന് റഹീം ആരോപിക്കുന്നു. അന്വേഷണസംഘം ശൗചാലയത്തില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിന് മുന്‍പ് ഒരു അന്വേഷണസംഘത്തിനും ഈ രക്തക്കറ കിട്ടിയില്ല. മാത്രമല്ല രക്തക്കറ ആരുടേതാണെന്ന് കണ്ടെത്താനായില്ല. ചെറിയ അളവിലാണ് രക്തക്കറ കണ്ടെടുത്തതെന്നാണ് പോലീസ് പറഞ്ഞത്. അവിടെയും കൃത്രിമത്വം കാണിച്ചെന്നും റഹീം ആരോപിക്കുന്നു.

കഴിഞ്ഞദിവസവും പാലത്തായി കേസില്‍ വീഴ്ചയുണ്ടായെന്ന രീതിയില്‍ റഹീം സാമൂഹികമാധ്യമത്തില്‍ കുറിപ്പെഴുതിയിരുന്നു. എന്നാല്‍, രത്‌നകുമാര്‍ ഇതിനെതിരേ രംഗത്തെത്തി. അന്നത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ വെള്ളപൂശാനാണ് റഹീം ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നാണ് രത്‌നകുമാര്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് റഹീം വീണ്ടും ആരോപണം ഉന്നയിച്ചത്. റിട്ട. ഡിവൈഎസ്പി റഹീം പാലത്തായി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനല്ല.

പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായിരുന്ന കെ. പത്മരാജനെ കഴിഞ്ഞയാഴ്ചയാണ് കോടതി ശിക്ഷിച്ചത്. മരണംവരെ ജീവപര്യന്തം തടവായിരുന്നു ശിക്ഷ. ഇതിനുപിന്നാലെ പത്മരാജനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

Content Highlights: Former DySP alleges irregularities in the Palathai sexual assault case investigation. Claims crucial evidence was tampered with. Read the full story and details.