പാലക്കാട് തെങ്കരയിൽ പുലി കൂട്ടിൽ കുടുങ്ങി

മണ്ണാർക്കാട്: പാലക്കാട് തെങ്കര പഞ്ചായത്തിലെ മെഴുകുംപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് പുലി കെണിയിലകപ്പെട്ടത്. ജനവാസമേഖലയ്ക്കും വനാതിർത്തിക്കും ഇടയിലുള്ള റബർതോട്ടത്തിലായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി പിടികൂടിയതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഏകദേശം നാലുവയസുള്ള പുലിയാണ് അകപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ മണ്ണാർക്കാട് വനംഡിവിഷൻ ഓഫീസ് പരിസരത്തേക്ക് മാറ്റി.