പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: മംഗളൂരുവിനെ മുറിച്ചുമാറ്റാനുള്ള അധികാര കൈമാറ്റ നടപടികൾ തുടങ്ങി

#പി.പി. ലിബീഷ് കുമാർ

പയ്യന്നൂർ: മംഗളുരു മേഖല പാലക്കാടിൽ നിന്ന് മൈസുരു ഡിവിഷനിലേക്ക് മാറുന്നതിന്റെ അധികാര കൈമാറ്റം തുടങ്ങി. റെയിൽപ്പാളം, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ രേഖാമൂലം കൈമാറും. അധികാരപരിധി നിശ്ചയിച്ചുള്ള സ്‌കെച്ച്, പ്രവൃത്തികളുടെ പട്ടിക ഉൾപ്പെടെ കരാറുകളും സാമ്പത്തിക ബാധ്യതകളുടെ കൈമാറലിനും ധാരണയായി. പാലക്കാട് ഡിവിഷൻ നിലനിർത്താൻ ഉദ്ദേശിക്കുന്നവയിലും തീരുമാനമായി.

കൈമാറുന്നവ

  • ട്രാക്ക്(മെയിൻ ലൈൻ) -83 കിലോമീറ്റർ. ലൂപ്പ് ലൈൻ- 32.4 കിമീ.
  • ടണൽ-രണ്ട് (പടീൽ, കുലശേഖര).
  • ലെവൽ ക്രോസിങ്- അഞ്ച്.
  • പാലങ്ങൾ (വലുത്)- 17
  • മേൽപ്പാത/അടിപ്പാത-12
  • കെട്ടിടങ്ങളും ക്വാർട്ടേഴ്‌സും-393 (ഉള്ളാൽ-25, മംഗളുരു-320, മംഗളുരു ജംഗ്ഷൻ-45, മറ്റുള്ളവ-മൂന്ന്)

പാലക്കാട് ഡിവിഷൻ നിലനിർത്തുന്നത്

കരാർ കാലാവധി തീരുന്നത് വരെ ബന്ദർ ബല്ലാസ്റ്റ് ഡിപ്പോ. മൈസൂരു ഡിവിഷൻ പുതിയ അസി.ഡിവിഷണൽ എൻജിനീയറെ (എ.ഡി.ഇ.എൻ) നിയമിക്കുന്നത് വരെ ഈ തസ്തികയും ഓഫീസും. പുതിയ ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കുന്നത് വരെ ദക്ഷിണ റെയിൽവേയിൽ ജോലി ചെയ്യാൻ സന്നദ്ധരായ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സുകൾ. പരിശോധനാ ഉദ്യോഗസ്ഥർക്കുള്ള മുറികൾ.

മൈസുരു ഡിവിഷന് കൈമാറുന്ന മംഗളുരു മേഖലയുടെ റെയിൽ മാപ്പ്

പ്രവൃത്തികൾ

മംഗളൂരു മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ/കരാറുകൾ, അവയ്ക്കുള്ള അനുമതികൾ സഹിതം മൈസൂരു ഡിവിഷനിലേക്ക് കൈമാറും. പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിൽ വരുന്ന പ്രവൃത്തികൾ/കരാറുകൾ/അനുമതികൾ എന്നിവ കരാറുകളിൽ നിശ്ചയിച്ചിട്ടുള്ള കാലാവധി പൂർത്തിയാകുന്നത് വരെ പാലക്കാട് ഡിവിഷൻ തന്നെ നിർവ്വഹിക്കും. പാലങ്ങൾ, കാൽനട മേൽപ്പാലങ്ങൾ, സംരക്ഷണ ഭിത്തികൾ, സിവിൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രൂപരേഖയും (ഡ്രോയിങ്) പാലക്കാട് ഡിവിഷൻ മൈസുരു ഡിവിഷന് കൈമാറും.

Content Highlights: Palakkad Railway Division has initiated official asset transfer procedures to move the Mangaluru region under Mysuru Division. Documentation for tracks, bridges, buildings, and financial liabilities is underway.