മംഗളൂരു ഡിവിഷൻ മാറ്റം; റിസർവേഷൻ ക്വാട്ട കുറയും വരുമാനം കുത്തനെ ഇടിയും, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

#സ്വന്തം ലേഖകർ
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കണ്ണൂർ/ കോഴിക്കോട്/പാലക്കാട്: മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന് നഷ്ടങ്ങൾ പലവിധം. ഒക്ടോബർ ഒന്നുമുതൽ ഉള്ളാൾ, മംഗളൂരു ജങ്ഷൻ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനിൽനിന്ന് മാറുന്നതോടെ വരുമാനം, യാത്രാസൗകര്യം, അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എന്നിവയെല്ലാം കുറയും. കേരളത്തിന്റെ വടക്കും തെക്കും ബന്ധിപ്പിച്ചോടുന്ന പല തീവണ്ടികളും മൈസൂരു ഡിവിഷന്റേതാവും.

സമയം മാറുമോ

ദക്ഷിണ റെയിൽവേയുടെ നേതൃത്വത്തിൽക്കൂടിയാണ് റെയിൽവേ ബോർഡ് മംഗളൂരുവിൽനിന്നുള്ള തീവണ്ടികളുടെ സമയം നിശ്ചയിച്ചിരുന്നത്. ഇനിയത് ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലായിരിക്കും. സമയ ക്രമീകരണത്തിനോ പുതിയ വണ്ടി സർവീസുകൾ തുടങ്ങുന്നതിനോ പാലക്കാട് ഡിവിഷന് കഴിയാതെവരും.

എംപി.മാർ പ്രതിഷേധിച്ചു

എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. റെയിൽവേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോർട്ട് തേടിയതായി അദ്ദേഹം അറിയിച്ചു. എം.പിമാരായ കെ. സുധാകരൻ, കെ. രാധാകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരും പ്രതിഷേധിച്ചു.

ആഘാതം

റിസർവേഷൻ സൗകര്യങ്ങൾ

മംഗളൂരു ജങ്ഷനുള്ള റിസർവേഷൻ സീറ്റുകൾ നമുക്ക് നഷ്ടമാവും. അതോടെ, പാലക്കാട് ഡിവിഷന് ആകെ ലഭ്യമായ റിസർവേഷൻ ടിക്കറ്റുകളുടെ വിഹിതത്തിലും കുറവു വരും.

അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമർജൻസി ക്വാട്ട സംവിധാനവും പേരിനു മാത്രമാവും. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടികൾക്ക് എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കാൻ മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

അറ്റകുറ്റപ്പണികൾ

നഷ്ടമാവുന്നത് ഡിവിഷനിലെ ഏക ടെർമിനൽ സ്റ്റേഷനാണ്. പിറ്റ് ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള സ്റ്റേഷനാണ് മംഗളൂരു സെൻട്രൽ സ്റ്റേബ്ലിങ് ലൈനുകളും (തീവണ്ടികൾ നിർത്തിയിടുന്ന ലൈനുകൾ) മംഗളൂരുവിലായിരുന്നു കൂടുതൽ. മംഗളൂരു ജങ്ഷനിലും സ്റ്റേബ്ലിങ് ലൈനുകൾ ഉണ്ട്.

പുതിയ സർവീസുകൾ

ഷൊർണൂർ ജങ്ഷനിലെ പി ലൈനിൽ വലിയ തീവണ്ടികളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ സാധിക്കില്ല. സ്റ്റേബ്ലിങ് ലൈനുകളും കുറവാണ്. പാലക്കാട് ടൗണിൽ നിർമിക്കുന്ന പിറ്റ് ലൈനിൻ്റെ പ്രവൃത്തി പൂർത്തിയായിട്ടില്ല. സ്റ്റേബ്ലിങ് ലൈനുകൾ ഉൾപ്പെടുന്ന യാർഡ് നിർമാണവും ബാക്കിയുണ്ട്. കണ്ണുരിൽ സ്റ്റേബ്ലിങ് ലൈനുകൾ ഉണ്ടങ്കിലും പിറ്റ് ലൈനില്ല. കോഴിക്കോട്ട് യാർഡുമില്ല, പിറ്റ്ലൈനുമില്ല. ഫലത്തിൽ വടക്കൻ കേരളത്തിലേക്ക് ഇനി പുതിയ സർവീസുകൾ അനുവദിക്കാൻ ബുദ്ധിമുട്ടാകും.

വരുമാനം

കഴിഞ്ഞ സാമ്പത്തിക വർഷം പാലക്കാട് ഡിവിഷൻ കൈകാര്യംചെയ്തത് 733 ലക്ഷം ടൺ ചരക്കാണ്. ഇതിലെ 90 ശതമാനത്തിലേറെയും മംഗളൂരു, പനമ്പൂർ, ഉള്ളാൾ മേഖലയിൽനിന്നാണ്. ചരക്കുവരുമാനത്തിൻ്റെ 90 ശതമാനം മൈസൂരു ഡിവിഷൻ്റേതായി മാറും.

നടപ്പ് സാമ്പത്തികവർഷത്തിൻ്റെ ആദ്യത്തെ നാലുമാസത്തിൽ യാത്രക്കൂലിയിനത്തിലെ വരുമാനം 400 കോടി കടന്നിരുന്നു. ഇതിലെ ഒരുഭാഗം മംഗളൂരു, പനമ്പൂർ, ഉള്ളാൾ മേഖലയിലേക്ക് പോവുന്നതോടെ പാലക്കാട് ഡിവിഷൻ്റെ ആകെ വരുമാനത്തിൻ്റെ അമ്പതു ശതമാനത്തിലേറെ കുറവു വന്നക്കുമെന്നാണ് കണക്കാക്കുന്നത്.

റൂട്ട് കിലോമീറ്ററും വരുമാനവും കുറയുന്നതോടെ ലഭിക്കേണ്ട ഫണ്ടുകൾ കുറയും. ഇതെല്ലാം ഡിവിഷൻ നിർത്തലാക്കുന്നതിലേക്കു നയിക്കാമെന്നും ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം തൃപ്പാളൂർ കൃഷ്ണദാസൻ പറയുന്നു.

മംഗളൂരു മേഖല മൈസൂരു ഡിവിഷന് കീഴിലാക്കുന്നത് നീതികരിക്കാനാകില്ലെന്ന് അറിയിച്ച് ഡി.ആർ.യു.സി.സി. അംഗം റഷീദ് കവ്വായി റെയിൽവേ മന്ത്രിക്ക് കത്തയച്ചു. തീരുമാനം പ്രതിഷേധാർഹമാണെന്ന് മലബാർ റെയിൽ യൂസേഴ്സ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. രാമകൃഷ്ണൻ പറഞ്ഞു.

മലബാറും മാവേലിയും ഡിവിഷൻ വിട്ടു

തിരുവന്തപുരം -മംഗളൂരു സർവീസ് നടത്തുന്ന മാവേലി, മലബാർ, വന്ദേഭാരത്, ഏറനാട്, പരശുറാം (കന്യാകുമാരി വരെ), ചെന്നൈ വണ്ടികളായ വെസ്റ്റ് കോസ്റ്റ്, മെയിൽ, കോയമ്പത്തൂർ ഇൻ്റർസിറ്റി, പുതുതായി സർവീസ് തുടങ്ങിയ രാമേശ്വരം എക്സ്പ്രസ് എന്നിവയെല്ലാം ഇനി മൈസൂരു ഡിവിഷനാണ് കൈകാര്യം ചെയ്യുക.

കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾ മംഗളുരുവിലേക്കു നീട്ടാനും മൈസൂരു ഡിവിഷന്റെ അനുമതി വേണ്ടിവരും.

യു.ഡി.എഫ്. എം.പി.മാർ തിരുവോണനാളിൽ സത്യാഗ്രഹമിരിക്കും

പാലക്കാട് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ യു.ഡി.എഫ്. എം.പിമാർ പാലക്കാട് റെയിൽവേ ഡിവിഷനു മുന്നിൽ സത്യാഗ്രഹമിരിക്കും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് സമരം.

എം.പിമാരുടെ ഓൺലൈൻ മീറ്റിങ്ങിലാണ് തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. അറിയിച്ചു. കേരളത്തിലെ ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ ഡിവിഷൻ മുറിച്ചുമാറ്റിയത് കർണാടക ലോബിയെ സഹായിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തെ സമീപിക്കും -മുഖ്യമന്ത്രി

റെയിൽവേ ബോർഡിൻ്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്നും അറിയിച്ചു.

പ്രതിഷേധാർഹം - പിണറായി

റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കടുത്ത അനീതിയാണിത്. തെറ്റായ ഈ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാരും എം.പിമാരും ശക്തമായി ഇടപെടണം.- പിണറായി പറഞ്ഞു.

ചരിത്രവിജയമെന്ന് കർണാടക

പയ്യന്നൂർ മൈസൂരു ഡിവിഷൻ 'മംഗളൂരുവിനെ അടർത്തിയെടുത്തത് ചരിത്രവിജയമെന്ന് ദക്ഷിണ കന്നഡ. അതിനുപിന്നിൽ പ്രവർത്തിച്ച ദക്ഷിണ കന്നഡ എം.പി. ബ്രിജേഷ് ചൗട്ടയ്ക്ക് അഭിനന്ദനവും. പാലക്കാട് റെയിൽവേ ഡിവിഷൻ്റെ ചിറകരിഞ്ഞതിൽ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോഴാണ് കർണാടകയിൽ വിജയാഘോഷം.

കർണാടക ലോബി മംഗളൂരുവിനുവേണ്ടി പിടിമുറുക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. 2024-ൽ മംഗളൂരുവിനായി 'ഏക റെയിൽവേ സോൺ ഭരണത്തിന്’ ആവശ്യമായ റിപ്പോർട്ട് നൽകാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടിരുന്നു.

ആ റിപ്പോർട്ടിൽ മംഗളൂരു സെക്‌ഷനുവേണ്ടി സുറത്ത്കൽ, പനമ്പൂർ, തോക്കൂർ, പടിൽ, മംഗളുരു ജങ്ഷൻ, മംഗളൂരു സെൻട്രൽ, ഉള്ളാൽ, മഞ്ചേശ്വരം എന്നിവയാണ് ഏറ്റെടുക്കുക എന്ന് അറിയിച്ചിരുന്നു. അതിൽ സുറത്കൽ മാത്രമാണ് കൊങ്കൺ റെയിൽവേയുടെ ഭാഗം. ബാക്കിയെല്ലാം പാലക്കാട് ഡിവിഷനു കീഴിലാണ്. 

Content Highlights: The transfer of Mangalore stations from the Palakkad Railway Division to the Mysuru Division poses a severe blow to Kerala's rail connectivity, passenger quota, and regional railway revenue.