വിധി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷമടക്കാനായില്ല; സദസ്സിൽ ആനന്ദനൃത്തം ചവിട്ടി വിദ്യാര്‍ഥികളും അധ്യാപകരും

#കൃപേഷ് കൃഷ്ണകുമാര്‍ | വീഡിയോ: ദീപക് പനയൂർ
സദസ്സില്‍ നൃത്തംചെയ്യുന്ന വിദ്യാര്‍ഥികളും അധ്യാപകരും
സദസ്സില്‍ നൃത്തംചെയ്യുന്ന വിദ്യാര്‍ഥികളും അധ്യാപകരും

ശ്രീകൃഷ്ണപുരം (പാലക്കാട്‌): 'ആദഗചക്കോ...ആദാചക്കോ...അപ്പിടിപോഡ്..' അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രസിദ്ധമായ വരികള്‍ ബാപ്പുജി പാര്‍ക്കിലെ വേദിയില്‍ മുഴങ്ങി. ആദ്യമായി കലോത്സവവേദിയില്‍ ഇരുളനൃത്തമെന്ന ഗോത്രകല അരങ്ങേറിയപ്പോള്‍ അതിലെ ഒന്നാം സ്ഥാനവും മറ്റാര്‍ക്കുമായിരുന്നില്ല. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്ത് സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹൈസ്‌കൂളിനാണ്.

മത്സരാര്‍ഥികളെല്ലാവരും ഇരുള ഗോത്രത്തില്‍ നിന്നുള്ളവര്‍. മത്സരം കഴിഞ്ഞ് വിധി പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമടക്കാനായില്ല. അധ്യാപകരും ദമ്പതികളുമായ വി.കെ. രംഗസ്വാമിയും സി.ബി. മല്ലികയുമുള്‍പ്പടെ മത്സരാര്‍ഥികള്‍ക്കുമൊപ്പം സദസില്‍ ആനന്ദനൃത്തം ചവിട്ടി. വേദിയില്‍ അവര്‍ കളിച്ചതും എത്രയോ മനോഹരമായിരുന്നു അത്. കാലങ്ങളായി പരിഗണിക്കപ്പെടാത്തവര്‍ കലോത്സവവേദിയില്‍ അംഗീകരിക്കപ്പെടുന്നതിന്റെ മനോഹര ദൃശ്യം.

ഈ ഒരൊറ്റ ഇനത്തിന് മാത്രമാണ് ഷോളയൂര്‍ സ്‌കൂള്‍ ജില്ലാ കലോത്സവത്തിന് എത്തിയിട്ടുള്ളത്. ഇരുള നൃത്തം പഠിക്കാന്‍ ഷോളയൂരിലെ 12 പിള്ളേര്‍ക്ക് അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ സങ്കടംവരുമ്പോഴും സന്തോഷം വരുമ്പോഴും അവര്‍ കളിച്ചിരുന്ന ഇരുളനൃത്തം ഒരു വേദിക്ക് വേണ്ടി ചിട്ടപ്പെടുത്തണമെന്നത് മാത്രമായിരുന്നു പണി. വേദിയില്‍ അവര്‍ തകര്‍ത്തുകളിച്ചു. ഒന്നാം സ്ഥാനവും വാങ്ങി.

പാലക്കാടിന്റെ അട്ടപ്പാടിയുടെ ഇരുളനൃത്തം കാണാനെത്തിയവര്‍ കുട്ടികളെ കണ്ട് അടിപൊളിയായെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തും ഒരു ചിരിവിടര്‍ന്നു. ഇനി അവര്‍ സംസ്ഥാനവേദിയിലേക്ക് പോകും, തങ്ങളുടെ കലയെ സംസ്ഥാനത്ത് അടയാളപ്പെടുത്താന്‍.

Content Highlights: Govt Tribal HSS students tribal dance in Palakkad district school kalolsavam