ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ നിയമനം; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

പാലക്കാട്: ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയ സംഭവത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസുകാർ ബിജെപിക്കാർക്ക് വേണ്ടി ശുപാർശ ചെയ്യില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. പാലക്കാട്ടെ ജനപ്രതിനിധിയായ ഒരു മുതിർന്ന കോൺഗ്രസ് നേതാവാണ് ഈ നിയമനത്തിന് വേണ്ടി ശുപാർശ ചെയ്തതെന്ന പരാതിക്കാരുടെ ആരോപണം തള്ളിക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ക്ഷേമനിധി ബോർഡിലെ നിയമനത്തിന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ശുപാർശ നൽകിയതായി കേൾക്കുന്നുണ്ടെങ്കിലും, കോൺഗ്രസുകാർ ആരും ബിജെപിക്കാർക്ക് വേണ്ടി ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്ന് എ. തങ്കപ്പൻ പറഞ്ഞു. വ്യക്തിബന്ധങ്ങളോ സ്നേഹമോ ഉണ്ടെങ്കിൽ പോലും ഒരു സാഹചര്യത്തിലും ഒരു കോൺഗ്രസുകാരനും ബിജെപിക്കാർക്ക് വേണ്ടി ശുപാർശ ചെയ്യില്ല. കോൺഗ്രസ് നേതാക്കൾ പറഞ്ഞതുകൊണ്ടല്ല ഇത്തരം നിയമനങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥന്മാരാണ് നിയമനം നടത്തുന്നത്. ഉദ്യോഗസ്ഥർ ഏത് മാനദണ്ഡത്തിലാണ് ഈ നിയമനം നടത്തിയത് എന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമനത്തിൽ ശുപാർശ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെങ്കിലും അത്തരം ഒരു സാധ്യതയില്ലെന്നാണ് കരുതുന്നത്. തനിക്ക് ലഭിച്ച പരാതിയിൽ ഒരു നേതാവിന്റെയും പേര് എടുത്തു പറഞ്ഞിട്ടില്ലെന്നും, ആരുടെയെങ്കിലും പേര് വ്യക്തമാക്കി പരാതി നൽകിയാൽ അത് അന്വേഷിക്കുമെന്നും തങ്കപ്പൻ പ്രതികരിച്ചു.

കഴിഞ്ഞ 10 വർഷത്തോളമായി പാർട്ടിക്ക് വേണ്ടി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പാവപ്പെട്ട പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്ന പരാതിയിൽ ന്യായമുണ്ട്. പാർട്ടി പ്രവർത്തകരുടെ ഈ സങ്കടവും വേദനയും പരിഗണിക്കേണ്ടതുണ്ട്. 100 ശതമാനവും പ്രവർത്തകരെ പരിഗണിക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കാര്യങ്ങൾക്കും ഓരോ മാനദണ്ഡങ്ങളുണ്ടെന്നും എല്ലാവർക്കും നേരിട്ട് ഓരോ തസ്തികകൾ നൽകാൻ കഴിയില്ലെന്നും ഡിസിസി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. പ്രവർത്തന മികവ് നോക്കി മാത്രമേ പരിഗണന നൽകാനാകൂ. ഓരോരുത്തരുടെയും കഴിവുകൾക്ക് അനുയോജ്യമായ രീതിയിൽ 100 ശതമാനം പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ആ കാര്യം സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.

Content Highlights: Palakkad DCC President A. Thankappan dismissed allegations of party involvement after the temporary appointment of a BJP leader's sister to a welfare board sparked a controversy within the Congress party.