സീറ്റ് നിഷേധിച്ച കോൺഗ്രസിനോട് മായയുടെ മധുരപ്രതികാരം, ‘കൊട്ടാരമറ്റം വിപ്ലവത്തിൽ’ പാലായിൽ LDF

പാലാ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ്റുനോറ്റ് കിട്ടിയതായിരുന്ന പാല നഗരസഭയിൽ യുഡിഎഫിന് അധികാരം. ജോസ് കെ മാണിയുടെ തട്ടകം പിടിച്ചെടുക്കണ വാശിയിൽ മനസില്ലാ മനസ്സോടെ കോൺഗ്രസ് സ്വതന്ത്രരുമായി സഖ്യമുണ്ടാക്കി ഭരണംപിടിച്ചു. അങ്ങനെയാണ് ആദ്യമായി പാലാ ഭരണം കേരള കോൺഗ്രസ് എമ്മിന് നഷ്ടമായത്. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ സ്വതന്ത്രർക്ക് വിട്ടുകൊടുക്കേണ്ടിയുംവന്നു. സ്വതതന്ത്ര കൂട്ടായ്മയിലെ ദിയ പുളിക്കക്കണ്ടം അധ്യക്ഷയും സ്വതന്ത്രയായി വിജയിച്ച മായാ രാഹുൽ ഉപാധ്യക്ഷയുമായി. ഏഴ് മാസം പിന്നിടുമ്പോഴേക്കും കൊട്ടാരമറ്റം വിപ്ലവത്തിന് പിന്നാലെ വന്ന അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ഭരണസമിതി വീണു. പിന്നാലെ മായാ രാഹുൽ പാലാ നഗരസഭയുടെ അമരത്തും എത്തി. കോൺഗ്രസ് വിമതരുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയിലാണ് മായ നഗരസഭാ ചെയർപേഴ്സാണായിരിക്കുന്നത്.
കോൺഗ്രസിനോടുള്ള മായയുടെ രണ്ടാം പ്രതികാരമാണിത്. സീറ്റ് നിഷേധിച്ച കോൺഗ്രസിനെതിരെ വിമതയായി മത്സരിച്ചാണ് മായ നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയത്. പാലായിലെ ഭരണം പിടിക്കാൻ പക്ഷേ കോൺഗ്രസിന് മായയുടെ സഹായം വേണ്ടിവന്നു. നഗരസഭാ ഉപാധ്യക്ഷ പദവിയും കൊടുക്കേണ്ടി വന്നു.
ധാരണ അനുസരിച്ചു മായ രാഹുൽ 6 മാസം തികയുന്ന ജൂണിൽ രാജിവയ്ക്കണമായിരുന്നു. തുടർന്ന് ദിയ ബിനുവിന്റെ പിതാവും നഗരസഭാ കൗൺസിലറുമായ ബിനു പുളിക്കക്കണ്ടമാണ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. എന്നാൽ തെറിച്ചത് ദിയയായിരുന്നു. കാട്ടാരമറ്റം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലുള്ള ഓട്ടോ സ്റ്റാൻഡ് അനുമതിയില്ലാതെ തുടങ്ങിയതിനെച്ചൊല്ലിയുള്ള വിവാദമാണ് ദിയയുടെ പുറത്താകലിലേക്ക് വഴിതുറന്നത്. മായയും കോൺഗ്രസിലെ നാല് അംഗങ്ങളും ദിയയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചു. പിന്നാലെയാണിപ്പോൾ മായാ രാഹുൽ കോൺഗ്രസ് വിമതരുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ അധ്യക്ഷയാകുകയും ചെയ്തു. ഇതിനിടെ നാല് കോൺഗ്രസ് വിമതരിൽ ഒരാൾ കോൺഗ്രസിലേക്ക് തിരിച്ച് പോകുകയും ചെയ്തു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ആണ് ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയത്. അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ ലിസിക്കുട്ടി മാത്യുവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു.
കൊട്ടാരമറ്റം വിവാദം
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലുള്ള സ്ഥലത്ത് ഓട്ടോ സ്റ്റാൻഡ് അനുമതിയില്ലാതെ തുടങ്ങിയതിനെച്ചൊല്ലിയാണ് പാലായിലെ വിവാദങ്ങൾ തുടങ്ങിയത്. ഇവിടെ ഓട്ടോ സ്റ്റാൻഡ് തുടങ്ങിയപ്പോൾ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പിന്തുണച്ചത് സ്വതന്ത്ര മുന്നണി അംഗങ്ങളെ പ്രകോപിപ്പിച്ചു.
ഈ ഭിന്നതയ്ക്കിടെ നടന്ന യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ സ്വതന്ത്രക്കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ചേർന്ന് മർദിച്ചതായി ബിജു മാത്യൂസ് പോലീസിൽ പരാതി നൽകി. കോൺഗ്രസ് അംഗത്തെ പിന്തുണച്ച് പ്രതിപക്ഷമായ എൽ.ഡി.എഫും കോൺഗ്രസിന്റെ പ്രമുഖ നേതാവും രംഗത്തെത്തി. കോൺഗ്രസ് കൗൺസിലറെ കൈയ്യേറ്റംചെയ്തെന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രക്കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും വാദിച്ചു. കോൺഗ്രസ് കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും തുടങ്ങി.
നഗരസഭാധ്യക്ഷയുടെ മുറിയിലെ ഫയലുകൾ മോഷ്ടിച്ചെന്ന് ബിജു മാത്യൂസിനെതിരേ നഗരസഭാധ്യക്ഷയായിരുന്ന ദിയ പുളിക്കക്കണ്ടം പോലീസിൽ പരാതി നൽകി. നഗരസഭാധ്യക്ഷയുടെ മുറിയിലെ പ്രധാനപ്പെട്ട ഫയലുകൾ എടുത്തുകൊണ്ടുപോയെന്നാണ് പരാതി. ബിജു മാത്യൂസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാധ്യക്ഷയുടെ മുറിയിൽ പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തോടൊപ്പം വന്നാണ് ഫയലുകൾ കവർന്നതെന്നായിരുന്നു പരാതി. ഇത് കള്ളക്കേസാണെന്ന് ബിജു മാത്യൂസും വാദിച്ചു. ഇതോടെ ഭരണമുന്നണിയിലെ പ്രതിസന്ധി രൂക്ഷമായി.
കോൺഗ്രസിലെ ഒരു വിഭാഗം ബിജു മാത്യൂസിനെ പിന്തുണച്ച് രംഗത്തെത്തി. സ്വതന്ത്രക്കൂട്ടായ്മയിലെ അംഗങ്ങളായ ബിജു പുളിക്കക്കണ്ടം, ബിനു പുളിക്കക്കണ്ടം, നഗരസഭാധ്യക്ഷകൂടിയായ ദിയാ ബിനു എന്നിവർ ടീം യു.ഡി.എഫ്. വാട്സാപ്പ് കൂട്ടായ്മയിൽനിന്ന് ഇറങ്ങി പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ നേതൃത്വം നിരവധി ദിവസത്തെ ചർച്ചകൾക്കുശേഷമാണ് ഈ തർക്കം പരിഹരിച്ചത്.
ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നഗരസഭ അനുവദിച്ചത് വീണ്ടും തർക്കത്തിന് കാരണമായി. സമ്മേളനത്തിന് ബസ് സ്റ്റാൻഡ് മൈതാനം അനുവദിക്കേണ്ട സാഹചര്യത്തിലേക്കെത്തിച്ചത് സ്വതന്ത്ര കൂട്ടായ്മ സി.പി.എമ്മുമായി ചേർന്ന് നടത്തിയ ഗൂഢാലോചന മൂലമാെണന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. നഗരസഭാധ്യക്ഷയിൽ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ മുന്നണി ബന്ധങ്ങൾ ഉലഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഇതിന് പിന്തുണയുമായി രംഗത്തെത്തി. ഇത്തവണ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫോ, കോൺഗ്രസ് നേതൃത്വമോ ശ്രമിച്ചില്ല.
നഗരസഭയിൽ സ്വതന്ത്രമുന്നണിയുമായി പിരിയാനുള്ള പ്രാദേശിക കോൺഗ്രസ് തീരുമാനത്തിൽ ജില്ലാ നേതൃത്വം ഇടപ്പെടാൻ തയ്യാറായില്ല. കോൺഗ്രസ് നേതൃത്വം അനുനയനീക്കങ്ങളൊന്നും തുടങ്ങിയതുമില്ല. ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ കൗൺസിലർമാരും പ്രാദേശിക കോൺഗ്രസ് നേതാക്കളും പിന്തുണ പിൻവലിക്കുകയും പരസ്യമായി രംഗത്തെത്തുകയും ചെയ്തതിൽ ജില്ലാ കോൺഗ്രസ് നേതാക്കൾക്കിടയിലും അമർഷം ഉടലെടുത്തു. ഇതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ എൽഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ നാല് കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെ അവിശ്വാസം പാസായി. ഇതോടെ കഷ്ടിച്ച് ഏഴ് മാസം ഭരിച്ച് ദിയ നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്തായി.
Content Highlights: UDF lost power in Pala Municipality within seven months due to internal conflicts and a no-confidence motion., Independent councillor Maya Rahul assumed office as the new municipal chairperson with LDF and rebel Congress support., The political crisis was triggered by disputes surrounding the Kottaramattom bus stand and unauthorized auto stand operations., Former chairperson Diya Pulikkakandam was ousted following allegations and factional feuds within the ruling alliance.