മാണിഗ്രൂപ്പ് പിന്തുണയ്ക്കും; വിമതർ പാലാ ഭരിക്കും

പാലാ നഗരസഭ | File Photo: Mathrubhumi
പാലാ നഗരസഭ | File Photo: Mathrubhumi

പാലാ: പാലാ നഗരസഭയിൽ യു.ഡി.എഫ്. കൂട്ടായ്മയോടൊപ്പമുള്ള നഗരസഭാധ്യക്ഷ അവിശ്വാസത്തിലൂടെ പുറത്തായതോടെ പുതിയ അധ്യക്ഷയെ സംബന്ധിച്ച നീക്കങ്ങൾ ശക്തമായി. യു.ഡി.എഫ്. പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ച കൗൺസിലർമാർക്ക് അധ്യക്ഷസ്ഥാനം നൽകി ഭരണം നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഇടതുപക്ഷം.

അവിശ്വാസത്തിനുമുമ്പ് തന്നെ ഈ കൗൺസിലർമാരുമായി ഇതു സംബന്ധിച്ച ധാരണയിലെത്തിയിരുന്നു. ഈ ധാരണയനുസരിച്ചുതന്നെ അധ്യക്ഷസ്ഥാനവും ഉപാധ്യക്ഷസ്ഥാനവും വിമത കൗൺസിലർമാർക്ക് നൽകും. പകരം കേരള കോൺഗ്രസ് എമ്മിന്റെ നിയന്ത്രണത്തിലാവും ഭരണം. സ്ഥാനങ്ങൾ വിട്ടുനൽകുമെന്ന് ഇടതുനേതാക്കൾ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ്. പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ചവരിൽ മുതിർന്ന അംഗങ്ങളായ മായാ രാഹുൽ, ലിസിക്കുട്ടി മാത്യു എന്നിവർക്ക് ഓരോ കാലയളവിലേക്ക് അധ്യക്ഷസ്ഥാനം നൽകുവാനാണ് സാധ്യത. ഉപാധ്യക്ഷസ്ഥാനം ടോണി തൈപ്പറമ്പിലും ബിജു മാത്യൂസും നിശ്ചിത വർഷക്കാലയളവിൽ പങ്കുവയ്ക്കും.

ഇടതുപക്ഷത്തിന്റെ ഒൗദ്യോഗിക അഭിപ്രായം അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം. വിപ്പ് ലംഘിച്ചവർക്കെതിരേ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിമത കൗൺസിലർമാരുടെ നീക്കത്തിന് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദമുണ്ട്.

മുൻ അധ്യക്ഷ ദിയാ ബിനുവിനെതിരേ കൗൺസിലർമാർ പരസ്യപ്രഖ്യാപനം നടത്തിയപ്പോൾ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പിന്തുണച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. പാർട്ടി ജില്ലാ, സംസ്ഥാന നേതാക്കളെ ഇക്കാര്യം അറിയിക്കുകയുംചെയ്തിരുന്നു. വിമത കൗൺസിലർമാർക്കെതിരേ കർശന നടപടികളെടുക്കുന്നതിൽനിന്ന് ജില്ലാ നേതൃത്വത്തെ പിന്തിരിപ്പിക്കുവാനും പ്രാദേശിക കോൺഗ്രസ് നേതാക്കന്മാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി കൊടുത്ത് അയോഗ്യതാനീക്കം നടത്താൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുമോ എന്ന് വ്യക്തമല്ല. ശ്രമം തുടങ്ങിയാലും തീർപ്പുവരാൻ ഏറെസമയം എടുക്കും എന്നത് വിമതർക്ക് ആശ്വാസമാണ്.

Content Highlights: Pala Municipality sees a power shift as rebel councilors oust the UDF Chairperson.