പാലാ നഗരസഭ; കോൺഗ്രസ് വിമതരും ഇടതുപക്ഷ അംഗങ്ങളും പിന്തുണയ്ക്കും, മായാ രാഹുൽ അധ്യക്ഷ ആയേക്കും

പാലാ: പാലാ നഗരസഭയിൽ അവിശ്വാസത്തിലൂടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായ ദിയ ബിനുവിന് പകരം പുതിയ നഗരസഭാധ്യക്ഷയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11-ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും. പാലാ വിദ്യാഭ്യാസ ജില്ല ഇൻചാർജ് ഓഫീസർ ജോളിമോൾ ഐസക് ആണ് വരണാധികാരി.
യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ അധ്യക്ഷയാകുവാനാണ് സാധ്യതകൂടുതൽ. അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. നിലവിൽ മായാ രാഹുൽ ഉപാധ്യക്ഷയാണ്. ഉപാധ്യക്ഷസ്ഥാനം ബുധനാഴ്ച രാജിവെക്കുമെന്ന് മായാ രാഹുൽ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിലെ വിമത അംഗങ്ങളും ഇടതുപക്ഷ അംഗങ്ങളും ചേർന്ന് നഗരസഭയുടെ ഭരണം നടത്തുന്നതിന് മുന്നോടിയായി പാലാ നഗരവികസന സമിതിയുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. സമിതിക്ക് പൊതുമിനിമം പരിപാടിയും പ്രഖ്യാപിച്ചു. ഇവരുടെ ആദ്യ പാർലമെന്ററി പാർട്ടി യോഗവും നടന്നു. കേരള കോൺഗ്രസ് എം അംഗം ബിജു പാലൂപ്പടവനാണ് സമിതിയുടെ കൺവീനർ. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാൻകുഴി മത്സരിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ യു.ഡി.എഫിലുള്ള ഒൻപത് അംഗങ്ങളും ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തതിന്റെ പേരിൽ പുറത്താക്കിയ നാല് കോൺഗ്രസ് അംഗങ്ങൾക്കെതിരേയും ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. പുറത്താക്കപ്പെട്ടവർക്കെതിരേയുള്ള നടപടി ഇപ്പോൾ ചർച്ചചെയ്യുന്നില്ലന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
ജനവിധി യു.ഡി.എഫിന് അനുകൂലമായിരുന്നുവെന്നും പുതിയ സാഹചര്യങ്ങളിൽ മുന്നണി ഒറ്റക്കെട്ടായി നീങ്ങുമെന്നും ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ., ഫ്രാൻസിസ് ജോർജ് എം.പി., ബിജു പുന്നത്താനം, അഡ്വ. ജയ്സൺ ജോസഫ് എന്നിവർ പങ്കെടുത്തു.
Content Highlights: Pala municipality chairperson election update: Maya Rahul backed by Congress rebels and LDF is likely to win