‘KC മുഖ്യമന്ത്രി ആയാൽ KC എന്നല്ലേ വിളിക്കൂ, നരസിംഹറാവുവിന് അച്ഛൻ പ്രധാനമന്ത്രിയാകുമെന്ന പേടി’

തൃശ്ശൂർ: കെ.വി. തോമസിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരേ പത്മജ വേണുഗോപാൽ. കെ. കരുണാകരനും നരസിംഹറാവുവും അകന്നത് പേര് വിളിക്കുന്നതുകൊണ്ടായിരുന്നില്ല. ഒരാള് മരിച്ചു എന്ന് വെച്ച് അയാളെപ്പറ്റി അനാവശ്യമായ കാര്യങ്ങൾ എഴുതരുത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അച്ഛൻ വരുമോ എന്ന് നരസിംഹറാവുവുന് പേടിയായിരുന്നെന്നും അതുകൊണ്ടാണ് തൃശ്ശൂരിൽ തോൽപ്പിച്ചതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
പത്മജയുടെ വാക്കുകൾ;
കെ. കരുണാകരനെ വല്ലാതെ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന രീതിയിലായിരുന്നു കെ.വി. തോമസിന്റെ പുസ്തകം. സോണിയാ ഗാന്ധിയും കെ. കരുണാകരനും അകന്നത് എന്റെ കാര്യം പറഞ്ഞിട്ടാണ് എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല. ഒരാള് മരിച്ചു എന്ന് വെച്ച് അയാളെപ്പറ്റി അനാവശ്യമായ കാര്യങ്ങൾ എഴുതരുത്. എന്റെ മസ് വല്ലാതെ വേദനിച്ചു. അച്ഛന്റെ ഏറ്റവും വിശ്വസ്തനായി നിന്ന ഒരാൾ ഇങ്ങനെ പറയുമ്പോൾ പലരും വിശ്വസിച്ചുവെന്ന് വരും.
എല്ലാവരും വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ചാലക്കുടിയിലെ സീറ്റിന്റെ കാര്യം അച്ഛൻ സംസാരിച്ചു. മാഷോട് പറഞ്ഞോ എന്ന കാര്യം എനിക്കറിയില്ല. പിന്നീട് വേറൊരു ലോബി എതിർത്തപ്പോൾ, ഞാൻ പിന്മാറുന്നെന്ന് അച്ഛനോട് പറഞ്ഞു. ഒരു വഴക്കുമില്ലാതെ ഞാൻ പിന്മാറുകയാണ് ചെയ്തത്. അതിൽകൂടുതൽ ഒന്നും ഉണ്ടായിട്ടില്ല.
നരസിംഹറാവുവിനെ പി.വി. എന്ന് വിളിച്ചു എന്നാണ് മറ്റൊരു കാര്യം. അപ്പോ പിന്നെ, കെ.സി., വി.ഡി., ആർ.സി, എന്ന് വിളിക്കുന്നത് അപമാനിക്കലാണോ. എത്രയോ ജൂനിയേഴ്സ് വിളിക്കുന്നുണ്ട്. അത് ഒരു ബഹുമാനത്തിന്റെ വിളിയാണ്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയത് ആരാണെന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം.
അച്ഛനെക്കാളും ജൂനിയറായ ആളെ പി.വി. എന്ന് വിളിച്ചിരുന്നത് ഒറ്റദിവസം കൊണ്ട് മാറ്റാൻ പറ്റില്ല. പ്രസിഡന്റ് ഒക്കെ ആയിരുന്നെങ്കിൽ സാർ എന്ന് വിളിക്കണം. അല്ലാതെ കൂടെ ജോലി ചെയ്യുന്ന ആൾ പ്രധാനമന്ത്രിയായിപ്പോയി എന്നുവെച്ച് സാർ എന്നി വിളിക്കേണ്ട ആവശ്യമില്ല. കെ.സി. മുഖ്യമന്ത്രി ആയാൽ അടുത്ത ആളുകൾ കെ.സി. എന്നല്ലേ വിളിക്കൂ. ഒറ്റ ദിവസം കൊണ്ട് സാർ എന്ന് മാറ്റി വിളിക്കുമോ?
നരസിംഹറാവുവിന് പേടിയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അച്ഛൻ വരുമോ എന്ന്. അതുകൊണ്ടാണ് തൃശ്ശൂരിൽ അച്ഛനെ തോൽപ്പിച്ചത്. ആര് മരിച്ചാലും പിതാവ് കാണാൻ പോകുമായിരുന്നു. നരസിംഹറാവു മരിച്ചപ്പോൾ അദ്ദേഹം പോയില്ല. അത്രയും മനസ്സിന് വേദനയുള്ളതുകൊണ്ടാവും. ഡൽഹിയിൽ ഉണ്ടായിട്ടും അദ്ദേഹം പോയില്ല.
അങ്ങനെ ഒരാളെ പി.വി. എന്ന് വിളിച്ചതുകൊണ്ട് മാത്രം പിണങ്ങും എന്ന് പറയാൻ ഇത്ര വിഡ്ഢിയാണോ മാഷേ. മരിച്ചു പോയവരെപ്പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആളാവണ്ട. അതുകൊണ്ടാണ് മാഷെ എല്ലാവരും അങ്ങോട്ട് മാറി അവിടെക്ക് ചാടി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നത്. ഫ്രഞ്ച് ചാരക്കേസ് സമയത്ത് മൂന്ന് മാസത്തോളം ഞങ്ങളുടെ വീട്ടിൽ വന്ന് നിന്നതൊക്കെ ഞാൻ ഓർക്കുന്നുണ്ട്- പത്മജ വേണുഗോപാൽ പറഞ്ഞു.
കരുണാകരൻ-സോണിയയുടെ അകൽച്ചയ്ക്ക് കാരണം പത്മജ ആണെന്ന് കെ.വി. തോമസിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാൻ സോണിയാ ഗാന്ധിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. സർക്കാർ സുഗമമായി മുമ്പോട്ട് പോകാൻ വേണ്ടി മാത്രം ഈ കാര്യം സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി.വി. എന്ന വിളിയായിരുന്നുവെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.
Content Highlights: Padmaja Venugopal denies claims that she caused the rift between K Karunakaran and Sonia Gandhi., Claims KV Thomas's book misrepresents K Karunakaran's relationship with Narasimha Rao., Argues that calling Narasimha Rao 'PV' was a sign of familiarity, not disrespect., Asserts that Narasimha Rao worked to defeat Karunakaran in Thrissur due to fear of his prime ministerial ambitions.