വീണ്ടും പടയപ്പയുടെ പരാക്രമം, കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | വീഡിയോ

മൂന്നാർ: വീണ്ടും ഭീതിപരത്തി പടയപ്പയുടെ പരാക്രമം. കാറിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽനിന്ന് വാഹനയാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഞായറാഴ്ച രാത്രിയിൽ മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ തലയാറിന് സമീപത്തുവെച്ചാണ് വാഹനയാത്രികർക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം ഉണ്ടായത്. കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്
യാത്രയ്ക്കിടെ വാഹനയാത്രികർ ആനയുടെ മുമ്പിൽ പെടുകയായിരുന്നു. വാഹനത്തിന് നേരെ ആന നടന്നടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഈ സമയം മറ്റ് യാത്രക്കാരും റോഡിലുണ്ടായിരുന്നു. ആന കാർ ആക്രമിച്ചതോടെ മറ്റ് വാഹനയാത്രികർ ബഹളമുണ്ടാക്കി. ഇതിനിടെ കാർ മുമ്പോട്ട് എടുത്ത് യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു.
ആനയുടെ ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുമുമ്പ് കാട്ടുകൊമ്പൻ പടയപ്പ മദപ്പാടിലായിരുന്നു. ഇതിന് ശേഷമാണ് പടയപ്പ റോഡിലിറങ്ങി വാഹനത്തിനുനേരെ ആക്രമണം നടത്തിയത്.