പടയപ്പ മദപ്പാടിൽ, ജനങ്ങൾ ജാഗ്രതെെ; മുന്നറിയിപ്പുമായി വനംവകുപ്പ്

#ന്യൂസ് ഡെസ്ക്
മദപ്പാടിലായ പടയപ്പ മാട്ടുപ്പട്ടി നെറ്റിക്കുടി ഭാഗത്തിറങ്ങിയപ്പോൾ.
മദപ്പാടിലായ പടയപ്പ മാട്ടുപ്പട്ടി നെറ്റിക്കുടി ഭാഗത്തിറങ്ങിയപ്പോൾ.

മൂന്നാർ (ഇടുക്കി): നാളുകളായി മൂന്നാർ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന ‘പടയപ്പ’ മദപ്പാടിലെന്ന് വനംവകുപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.

ജനങ്ങളും വാഹനങ്ങളും ആനയിൽനിന്ന് അകലം പാലിക്കണം. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങൾ പകർത്താനോ പാടില്ല. നിലവിൽ രണ്ട് ആർആർടി സംഘവും വെറ്ററിനറി ഓഫീസറും ആനയെ നിരീക്ഷിക്കുന്നുണ്ട്. ജനങ്ങൾ ഇവരുടെ നിർദേശം പാലിക്കണമെന്നും നിർദേശിച്ചു.

ആനയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ല. വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവെച്ചും ഫോൺ മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുത്. ഇത്തരം പ്രവൃത്തികൾക്കെതിരേ നടപടിയുണ്ടാകുമെന്ന് മൂന്നാർ റെയ്ഞ്ച് ഓഫീസർ എസ്. ബിജു അറിയിച്ചു.

നാളുകളായി മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം കൂടുതലാണ്. പൊതുവേ ശാന്തശീലനായ പടയപ്പ മദപ്പാട് കാലത്ത് അക്രമാസക്തനാകുന്നത് പതിവാണ്. കഴിഞ്ഞദിവസം കന്നിമല ടോപ്പ്ഡിവിഷനിൽ ഓട്ടോറിക്ഷ തകർത്തു. ഡിസംബർ 15-ന് മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന കാറും നശിപ്പിച്ചു. പച്ചക്കറി കൃഷി നശിപ്പിക്കുന്നതും പതിവാണ്.

Content Highlights: padayappa musth state forest department issues warning