കൊടുംദുരന്തത്തിൽ മസ്‌നീൻ ബാക്കിയായത് അദ്ഭുതം; ഉമ്മയുടെ മരണമറിയാതെ ICUവിൽ; യാത്രയിൽ അവസാനം ഒപ്പംകൂടി

ഈ കുട്ടികൾക്ക് ഒന്നല്ല, ഒൻപതായിരുന്നു അമ്മമാർ. അതിലെ ആറുപേരാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. ആ അമ്മമാരില്ലാത്ത സ്കൂളിലേക്ക് ഇനിയെങ്ങനെ എന്ന ആകുലത ആ കുഞ്ഞിക്കണ്ണുകളിൽ വിതുമ്പിനിന്നിരുന്നു.
എല്ലാ കുട്ടികൾക്കും എല്ലാ അധ്യാപികമാരും ഒരുപോലെയായിരുന്നെന്ന് എം.ടി.എ. പ്രസിഡന്റ് വി. പ്രസീജ പറഞ്ഞു. ക്ലാസ് ടീച്ചർ എന്ന വ്യത്യാസമൊന്നും അവർക്കില്ല. എല്ലാവരും അവരുടെ ടീച്ചർമാരാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അമ്മമാർതന്നെ. രണ്ടാം ക്ലാസിലെ ക്ലാസ് ടീച്ചർ ആശ എല്ലാ കുട്ടികൾക്കും അമ്മയെപ്പോലെയാണ്. ടീച്ചറുടെ പിന്നിൽനിന്ന് മാറാതെ നടക്കുന്ന കുട്ടികളാണവർ. കെ.ജി. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുപോലും ആ അധ്യാപികമാരുടെ സ്നേഹംകൊണ്ടാണ്.
ഇനി ഈ സ്‌നേഹത്തണലില്ലാത്ത സ്‌കൂളിലേക്കാണ് അവർ പോകേണ്ടത്. ചിലർക്കെങ്കിലും ആ അവസ്ഥയെക്കുറിച്ച് ആധിയുണ്ടെന്ന് അവരുടെ മുഖം വിളിച്ചുപറയുന്നു. എന്നും തങ്ങളുടെകൂടെ ചിരിച്ചും കളിച്ചും നടന്ന അധ്യാപികമാർ ചലനമറ്റുകിടക്കുന്നത് വല്ലാത്തൊരു വേദനയോടെയാണ് അവർ കണ്ടത്. ചിലർ അതിലേക്ക് നോക്കാതെ കടന്നുപോയി. ചിലർക്ക് നിർവികാരതയായിരുന്നു. മറ്റുചിലരുടെ കണ്ണുകൾ ഈറനണിഞ്ഞു. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ പാകംവന്നിട്ടില്ലാത്ത കുട്ടികളാണവർ. ഒരു നാടുമുഴുവൻ അവർക്കൊപ്പമുള്ളപ്പോൾ അവർ ഈ കാലവും കടന്നുപോവും.
തേങ്ങൽഅടക്കാനാവാതെ...
അജിത ടീച്ചർ, ആശ ടീച്ചർ, റംല ടീച്ചർ, മജീദ് മാഷ്... ഓരോരുത്തർക്കുംവേണ്ടി പ്രത്യേകംപ്രത്യേകം പേരെഴുതി ഒരുക്കിയ മൊബൈൽ മോർച്ചറികൾ. ആംബുലൻസുകൾ മൃതദേഹങ്ങളുമായി എത്തുംമുൻപുതന്നെ അമ്പലപ്പറമ്പിലെ പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾമുറ്റത്ത് നിരയായി അവ ഒരുക്കിയിട്ടിരുന്നു.
നിരനിരയായി നട്ടുപിടിപ്പിച്ച അരണമരങ്ങൾക്കു മുന്നിൽ സ്കൂളിലെ സ്റ്റേജ്-ലബോറട്ടറി മന്ദിരത്തോടുചേർന്ന് ഉയർത്തിയ പന്തലിലായിരുന്നു പൊതുദർശനം.
അതിജീവനത്തിൽ മസ്നീൻ
വെള്ളിയാഴ്ച വൈകുന്നേരം വാൽപ്പാറ ചുരത്തിൽവെച്ച് ഒപ്പമുണ്ടായിരുന്ന മാതാവ് ഷക്കീലയടക്കം ഒൻപതുപേരെ മരണമെടുത്തപ്പോൾ മസ്നീൻ എന്ന പത്തുവയസ്സുകാരി അതേ മരണത്തെ അതിജീവിച്ചു. അപകടംകണ്ട് ഓടിയെത്തിയ ടാക്സി ഡ്രൈവറാണ് ചുരത്തിന്റെ 13-ാം വളവിൽനിന്ന് ഒമ്പതാംവളവിലേക്ക് വീണ് തകർന്നടിഞ്ഞ വാഹനത്തിന്റെയുള്ളിൽനിന്ന് മസ്നീനെ പുറത്തെടുത്തത്.
പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിതാവ് അബ്ദുൾ ഹക്കീമെത്തി പുലർച്ചയോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും കാലിലും ചെറിയ പരിക്കും വയറ്റിൽ ചെറിയ ആന്തരിക രക്തസ്രാവവും ഉണ്ട്. അതിനാൽ സർജിക്കൽ ഐ.സി.യു.വിലാണ് മസ്നീൻ.
തൃത്താലയിൽ ക്ലിനിക്ക് നടത്തുന്ന പാങ്ങ് ഇല്ലിക്കൽ ഹൗസിൽ അബ്ദുൾ ഹക്കിം അപകടവാർത്തയറിഞ്ഞയുടൻ സുഹൃത്തിനൊപ്പം പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ ഫോണിൽ തെറ്റായി അയച്ചുകിട്ടിയ മരിച്ചവരുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റിൽ ഭാര്യയുടെയും മകളുടെയും പേരുകൾ കണ്ടതോടെ ആകെ തകർന്നുപോയിരുന്നു.
എന്നാൽ, പൊള്ളാച്ചിയിലെ ആശുപത്രിയിൽ മകളെ ജീവനോടെ കണ്ടതോടെ ഹക്കീമിന് പകുതി ജീവൻ തിരിച്ചുകിട്ടി. അപ്പോഴും ചേതനയറ്റ് മോർച്ചറിയിൽ കിടക്കുന്ന ഭാര്യയുടെ മുഖം ഞെട്ടലായി.
ഉമ്മ മരിച്ചെന്ന വിവരം മസ്നീൻ ശനിയാഴ്ച വൈകീട്ടും അറിഞ്ഞിട്ടില്ല. എന്തോ വലിയൊരപകടം നടന്നിട്ടുണ്ടെന്നേ അവൾക്കറിയൂ. ഡ്രൈവറുടെ അലർച്ചയും താഴേക്ക് പറന്നുപോവുന്നപോലെ ഒരോർമ്മ മാത്രമേ അവൾക്ക് അപകടത്തെക്കുറിച്ചുള്ളൂ.
അപകടത്തിൽ മരിച്ച, മാതാവ് ഷക്കീല പാങ്ങ് ജി.യു.പി. സ്കൂളിലെ എൽ.പി. വിഭാഗം അധ്യാപികയാണ്. പാങ്ങ് ജി.എൽ.പി. സ്കൂളിലാണ് നാലാം ക്ലാസ് വരെ മസ്നീൻ പഠിച്ചത്. അടുത്തടുത്ത സ്കൂളുകളിലെ ടീച്ചർമാർക്കിടയിലെ വലിയസൗഹൃദമാണ് ഷക്കീലയെയും യാത്രാസംഘത്തിലെത്തിച്ചത്. ‘ഉമ്മ ടൂർ പോവുമ്പോൾ ഞാൻ ഉപ്പയ്ക്കൊപ്പം നിന്നോളാം’ എന്നായിരുന്നു മസ്നീൻ ആദ്യം പറഞ്ഞത്. എന്നാൽ, അവസാന നിമിഷം അവളും ഉമ്മയ്ക്കൊപ്പം യാത്രാസംഘത്തിൽ ചേരുകയായിരുന്നു. കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാസിൻ ഹക്കിം സഹോദരനാണ്.
Content Highlights: A tragic road accident in 2026 claimed the lives of several teachers from Paang school