അന്ന്‌ അജിത്കുമാറിന്റെ റിപ്പോർട്ടിൽ സസ്‌പെൻഷൻ, തിരിച്ചെത്തുമ്പോൾ പ്രധാനപദവിയിൽ പി. വിജയൻ

പി വിജയന്‍ | Photo - Mathrubhumi archives
പി വിജയന്‍ | Photo - Mathrubhumi archives

തിരുവനന്തപുരം: ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിൽ സസ്പെൻഷനിലായ പി. വിജയൻ, അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു പിന്നാലെ പോലീസിലെ പ്രധാനപദവിയിൽ. വിവാദങ്ങൾക്ക് പിന്നാലെ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിനെ പകരം നിയമിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അക്കാദമിയിൽനിന്ന് പി. വിജയൻ ഇന്റലിജൻസ് തലപ്പത്ത് എത്തുന്നത്.

സംസ്ഥാന പോലീസ് നടപ്പാക്കിയ ഒട്ടേറെ പദ്ധതികളുടെ ശില്പിയാണ് പി. വിജയൻ. കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കേ തുടക്കമിട്ട ‘ജനകീയം-2006’ പദ്ധതിയാണ് പിന്നീട് സംസ്ഥാനതലത്തിൽ അംഗീകാരംനേടിയ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയായി മാറിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുകയും മയക്കുമരുന്നിന് അടിമപ്പെടുകയുംചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതി, ഷാഡോ പോലീസ്, പിങ്ക് ഓട്ടോ എന്നിവയും വിജയന്റെ മുൻകൈയിൽ തുടങ്ങിയവയാണ്.

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ നോഡൽ ഓഫീസറായും പി. വിജയൻ ശ്രദ്ധേയനായി. കോഴിക്കോട് സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എം.ഫിലുംനേടിയ വിജയൻ കോഴിക്കോട് പുത്തൂർമഠം സ്വദേശിയാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥ ഡോ. എം. ബീനയാണ് ഭാര്യ.

Content Highlights: P Vijayan is the new ADGP Intelligence