'കാഫിറി'ന് പിന്നിൽ മോഹനനും കുടുംബവും, പോലീസ് സത്യം പറയാൻ മടിക്കുന്നു- കെ.എം ഷാജി

#സ്വന്തം ലേഖിക
പി. മോഹനൻ, കെ.എം. ഷാജി
പി. മോഹനൻ, കെ.എം. ഷാജി

കോഴിക്കോട്: പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് പരാമർശത്തിൽ പോലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെ.എം. ഷാജി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 

ഈ കേസിൽ പോലീസ് അന്വേഷണം എത്തേണ്ടത് പി.മോഹനൻ, കെ.കെ. ലതിക, അവരുടെ മകൻ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പോലീസ് ശ്രമം. കേസിൽ അന്വേഷണം എവിടെയും എത്തില്ല. നാളെ, കേസ് ഏതെങ്കിലും പാർട്ടിക്കാരന്റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും ഷാജി കൂട്ടിച്ചേർത്തു. 

കാഫിർ സ്‌ക്രീൻ ഷോട്ടിനുപിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് വടകര പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കോടതിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് നൽകിയത്.

Content Highlights: P Mohanan family behind 'Kaffir', police reluctant to tell truth, KM Shaji