'സ്വയംപ്രഖ്യാപിത നാടുവാഴികൾ' എന്നായിരുന്നു പരാമർശം; അന്നത്തെ ജഡ്ജി ഇപ്പോൾ രാഷ്ട്രീയപ്രവർത്തനം തുടരുന്നു’

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തങ്ങൾക്കെതിരായ ഗൂഢാലോചനാ ആരോപണം പൂർണ്ണമായും തകർന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. അന്നത്തെ യു.ഡി.എഫ്. സർക്കാരിന്റെയും ലീഗ്-കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പോലീസും പിന്നീട് സി.ബി.ഐയും ചേർന്ന് കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു ഇതെന്ന് പി. ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അരിയിൽ ഷുക്കൂർ വധക്കേസിൽനിന്ന് സിബിഐ കോടതി വെറുതെവിട്ടതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജയരാജന്റെ വാക്കുകൾ:
"സംഭവം മാധ്യമങ്ങൾ തെറ്റായനിലയ്ക്ക് ചിത്രീകരിച്ചു. 2012 ഫെബ്രുവരി 19 മുതൽ അരിയിൽ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണങ്ങൾ തുടർച്ചയായി നടക്കുകയായിരുന്നു. അവിടെ ലീഗിന്റെ ഒരുപറ്റം തീവ്രവാദികൾ വായനശാലകൾ, ക്ലബ്ബുകൾ, സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുക, സിപിഎമ്മിന്റെ ഓഫീസുവരെ പച്ച പെയിന്റടിച്ച് വികൃതമാക്കുന്ന സാഹചര്യംവരെ ഉണ്ടായി. മറ്റിടങ്ങളിൽ കേൾക്കാത്ത തരത്തിലുള്ള അക്രമസംഭവങ്ങളാണ് അരിയിൽ പ്രദേശത്ത് നടത്തിയത്.
ആക്രമിക്കപ്പെട്ട വീടുകളും സാംസ്കാരിക സ്ഥാപനങ്ങളും കാണുന്നതിനുവേണ്ടിയാണ് അന്നത്തെ എം.എൽ.എ. ടി.വി. രാജേഷിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് അന്ന് അരിയിലിൽ പോയത്. അവിടെ 11.45-ഓടെ എത്തി. തൊട്ടടുത്ത് ലീഗിന്റെ ഓഫീസും അതിനടുത്ത് ഒരു പള്ളിയുമുണ്ട്. അവിടെവെച്ചാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ കാണാൻ പോയ ഞങ്ങളുടെ വാഹനം ആക്രമിച്ചത്. വാഹനത്തിന് കേടുപാട് പറ്റി. ഞങ്ങൾക്കും മാധ്യമപ്രതിനിധികൾക്കും പരിക്കേറ്റു. അവിടെ നിന്ന് രക്ഷപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പോലീസിന്റെ സഹായത്തോടെ തളിപ്പറമ്പ് ആശുപത്രിയിൽ എത്തി ചികിത്സ തേടി.
ആശുപത്രിയിൽ ചികിത്സ തേടിയ സമയത്താണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സിപിഎം പ്രവർത്തകരെയും സിപിഎം പ്രവർത്തനങ്ങളെയും അരിയിൽ പ്രദേശത്ത് അനുവദിക്കില്ല എന്നതാണ് ലീഗിന്റെ ഒരുപറ്റം തീവ്രവാദികൾ അവിടെ നടപ്പാക്കിയത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുവരണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അവിടെ സന്ദർശിച്ചത്. സന്ദർശിക്കാൻ പോലും ഞങ്ങളെ അനുവദിക്കില്ല എന്നതായിരുന്നു ലീഗിന്റെ ഹുങ്ക്. അത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അക്രമങ്ങൾ അരങ്ങേറിയത്. ഇതിന്റെ തുടർച്ചയായാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിലാണ് അന്വേഷണ ഏജൻസിയുടെ താല്പര്യം ഉണ്ടാകേണ്ടത്. എന്നാൽ അന്ന് ഭരിച്ചിരുന്നത് കോൺഗ്രസും ലീഗുമാണ്. അവരുടെ സമ്മർദ്ദത്തിന് വിധേയമായി പോലീസ് ഉദ്യോഗസ്ഥരെ പാവകളിപ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ സിദ്ധാന്തം അവതരിപ്പിച്ചത്. ഐപിസിയിലെ 118-ാം വകുപ്പ് അതിനുമുമ്പ് ഒരു കേസിലും പ്രയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഗൗരവകരമായ കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന വകുപ്പായിരുന്നു ചുമത്തിയത്. ഇതിന് ലീഗുകാരായ രണ്ടുപേരെ സാക്ഷികളാക്കി. ആശുപത്രിയിൽ നൂറുകണക്കിന് ആളുകൾ വന്നിരുന്നു. മാധ്യമപ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. അവിടെവെച്ച് ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസാണ് ഉണ്ടാക്കിയത്.
സിപിഎമ്മിന് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സിപിഎമ്മിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി എന്നെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ച് പ്രചാരണം നടത്താൻ പോലീസുദ്യോഗസ്ഥരെ സജ്ജമാക്കിയത് കോൺഗ്രസും ലീഗും ഒരുപറ്റം നേതാക്കളും ആലോചിച്ചുകൊണ്ടാണ്.
അന്ന് ഒരു ഐപിഎസ് ഓഫീസർ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയിൽ എത്തി. ചാട്ടവാർ പ്രയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെക്കൊണ്ട് ബോധപൂർവ്വം ഗൂഢാലോചനാ സിദ്ധാന്തം കേസിൽ വരുത്താൻ നോക്കിയത്. അതാണ് ഇവിടെ പൊളിഞ്ഞത്. ഗൂഢാലോചനയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കന്മാർ മാത്രമല്ല, ബിജെപിയിൽ ചേർന്ന അന്നത്തെ ഐപിഎസ് ഉദ്യോഗസ്ഥന്റെ കടുംപിടിത്തത്തിന്റെ അടിസ്ഥാനത്തിലാണ് 118-ാം വകുപ്പ് കൂടി ചേർത്തത്.
'സ്വയം പ്രഖ്യാപിത നാടുവാഴികൾ' എന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പരാമർശം ഉണ്ടായി. ആ ജഡ്ജി ഇപ്പോൾ സർവീസിൽ ഇല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹം തുടർന്നുകൊണ്ടിരിക്കുന്നു. സിപിഎം വിരുദ്ധ പ്രവർത്തനങ്ങളാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്. അദ്ദേഹത്തിന്റെ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്. ലീഗും കോൺഗ്രസും സിബിഐയും ചേർന്നുകൊണ്ടാണ് 120-ാം വകുപ്പ് ചേർത്തത്. അഞ്ച് സാക്ഷികളിൽ നാലുപേർ ഇവിടെ വന്നു. സാക്ഷികൾക്ക് ഇവിടെ വരാൻ പറ്റിയില്ലെന്നാണ് ലീഗിന്റെ മന്ത്രി പറഞ്ഞത്. ആശുപത്രിയിൽ എത്തി എന്ന് മൊഴി കൊടുത്തിട്ടുള്ള ലീഗുകാരൻ കോടതി കോമ്പൗണ്ടിൽ വന്നു. എന്നിട്ട് സാക്ഷിക്കൂട്ടിൽ കയറ്റിയില്ല. എന്താണ് കാര്യം? അവർക്ക് കള്ളസാക്ഷി പറയാൻ കഴിയില്ല എന്ന് തോന്നിയതുകൊണ്ടാണ്. ലീഗിനകത്തെ സത്യവിശ്വാസികളായ ചിലർ ഇതിനകത്ത് കള്ളസാക്ഷി പറയാൻ തയ്യാറാകാത്തതാണ് എന്നെയും ടി.വി. രാജേഷിനെയും വിട്ടയച്ചതിനുള്ള പ്രധാനപ്പെട്ട അടിസ്ഥാനം. ഞങ്ങളെയൊക്കെ ഗൂഢാലോചനക്കേസിൽ പെടുത്തുന്നതിനുവേണ്ടി ഹീനമായി പരിശ്രമം നടത്തിയ ലീഗ് നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പുപറയണം."
Content Highlights: CBI court acquitted P. Jayarajan in the Ariyil Shukoor murder case., Jayarajan claimed the conspiracy charges were fabricated by UDF and police., Accused League leadership and an IPS officer of political pressure., Demanded a public apology from the Muslim League leadership.