ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സ്വാധീനം ഉറപ്പിക്കാനുള്ള RSSന്റെ പദ്ധതി, സിപിഎം തെറ്റ് തിരുത്തും-പി.ജയരാജൻ

കണ്ണൂർ: കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം നേരിട്ട പരാജയത്തിന് പിന്നിൽ സംഘടനാ പ്രവർത്തനത്തിലെ പോരായ്മകളാണെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. പത്ത് വർഷക്കാലത്തെ അഴിമതിരഹിതമായ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചിട്ടും ഈ തോൽവി സംഭവിച്ചത് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം സിപിഎം കണ്ണൂർ യൂട്യൂബ് ചാനലിലുമായി നടത്തിയ പോഡ്കാസ്റ്റിൽ പറഞ്ഞു.
കേരളത്തിൽ വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഇടയിലുള്ള രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം പിന്നോട്ട് പോയതാണ് ഇതിന് പ്രധാന കാരണം. ഈ അവസരത്തിലാണ് വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ ലഭിച്ചത്. ഇടതുപക്ഷ വിരുദ്ധമായ പൊതുബോധം നിർമ്മിക്കാൻ വർഗീയ ശക്തികൾ പരസ്പരം സഹകരിച്ച് പ്രവർത്തിച്ചതും ഈ കനത്ത രാഷ്ട്രീയ തിരിച്ചടിക്ക് വഴിതെളിച്ചു. പാർട്ടിയിലുണ്ടാകുന്ന പോരായ്മകൾ ജനാധിപത്യപരമായ ഉൾപ്പാർട്ടി ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനും പാർട്ടിയെ ശുദ്ധീകരിക്കാനുമുള്ള ശക്തമായ ഉൾപ്പാർട്ടി സമരം ഇനിയും തുടരുമെന്നും ജയരാജൻ പറഞ്ഞു.
സിപിഎം മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും പരാജയങ്ങൾ പരിശോധിക്കാൻ പാർട്ടിക്ക് കൃത്യമായ സംഘടനാ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1977-ൽ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് വൻതോക്കുകൾ വൻപരാജയം ഏറ്റുവാങ്ങിയിട്ടും അവർ തെറ്റുതിരുത്തൽ പ്രക്രിയകൾ ഒന്നും നടത്തിയില്ല. എന്നാൽ സിപിഎം തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണങ്ങൾ ആഴത്തിൽ പരിശോധിച്ചു. പാർട്ടി അംഗങ്ങൾക്ക് സ്വതന്ത്രമായി തങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും തുറന്നടിക്കാനുള്ള അവകാശം നൽകിക്കൊണ്ടാണ് കേന്ദ്ര കമ്മിറ്റി രേഖയ്ക്ക് രൂപം നൽകിയത്.
വി കുഞ്ഞികൃഷ്ണൻ, പികെ ഗോവിന്ദൻ, ജി സുധാകരൻ തുടങ്ങിയവർ പാർട്ടി വിട്ട സംഭവത്തിൽ കൂടം മുട്ടിയാൽ കൂടെ കീടം തടിക്കും എന്ന പഴംചൊല്ലൊടെയാണ് ജയരാജൻ പ്രതിരോധിച്ചത്. ആയുധങ്ങൾ മൂർച്ച കൂട്ടുന്നതിനു വേണ്ടി കൊല്ലന്റെ ആലയിൽ ഉലയിൽ വെച്ച് നല്ലോണം തല്ലി പഴുപ്പിക്കും. തല്ലുമ്പോൾ തുരുമ്പ് പുറത്തുപോകും. അതാണ് കീടങ്ങൾ. തുരുമ്പിനെ ഇല്ലാതാക്കി നല്ല മൂർച്ച കൂട്ടുന്നതിനു വേണ്ടിയിട്ടാണ് കൊല്ലന്റെ ആലയിൽ പരിശ്രമിക്കുന്നത്. ആ തെറിക്കുന്ന കീടങ്ങൾ തുരുമ്പുകൾ എല്ലാം
ചേർത്തുകൊണ്ട് ഒരു ആയുധം ഉണ്ടാക്കാൻ പറ്റുമോയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിനകത്ത് വല്ല പോരായ്മയും വരുന്നുണ്ടെങ്കിൽ അത് പാർട്ടിക്കകത്ത് ഉന്നയിച്ച് പരിഹാരം കാണും. അതിനുള്ള ഒരു ജനാധിപത്യ സംവിധാനം ഇവിടെയുണ്ട്. അതിനുപകരം പുറത്ത് സിപിഎമ്മിനെ തകർക്കാൻ ആഗ്രഹിക്കുന്ന വിരുദ്ധ ശക്തികളോടൊപ്പം
ചേർന്നുകൊണ്ട് പാർട്ടിയെ കടന്നാക്രമിക്കുന്ന തെറ്റിലേക്കാണ് അവർ പോയിട്ടുള്ളത്. താൽക്കാലികമായിട്ട് അവർക്ക് വിജയം ഉണ്ടായിട്ടുണ്ട്. ജനങ്ങളോട് ആ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി അത്തരം പോരായ്മകൾ ഭാവിയിൽ ഇല്ലാതിരിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ പാർട്ടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാവപ്പെട്ട ജനങ്ങളോടുള്ള വർഗ്ഗരാഷ്ട്രീയ പ്രതിബദ്ധതയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന കരുത്ത്. പത്ത് കൊല്ലക്കാലത്തെ ഇടതുപക്ഷ ഭരണം പ്രതിപക്ഷത്തിന് ഒരൊറ്റ അഴിമതി ആരോപണം പോലും തെളിയിക്കാൻ കഴിയാത്തവിധം സുതാര്യമായിരുന്നു. എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ച് യുഡിഎഫ് വിജയം നേടിയത് വർഗീയ ശക്തികളുടെ കനത്ത ഇടപെടലുകൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജനാധിപത്യപരമായി അംഗങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് മുന്നോട്ടുപോകാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. കോൺഗ്രസ്, ലീഗ്, ബിജെപി എന്നിവരുടെ കൂടെ നിൽക്കുന്ന ജനങ്ങളെ രാഷ്ട്രീയമായി ഇടതുപക്ഷത്തോട് ചേർത്തുനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും, കഴിഞ്ഞ കാലങ്ങളിൽ ഈ രംഗത്ത് വന്ന പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് പോലെയുള്ള ഒരു ഫാസിസ്റ്റ് സ്വഭാവമുള്ള ശക്തി കേരളത്തിൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളെക്കുറിച്ച് നമ്മുടെ സമൂഹം വേണ്ടത്ര ബോധവാന്മാരല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും കടന്നുകയറാൻ ആർഎസ്എസ് എന്ന ഫാസിസ്റ്റ് ശക്തി ശ്രമിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കേരളത്തിലെ കുടുംബങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയുള്ള ആർഎസ്എസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ഇത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കൈയടക്കി വിശ്വാസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുകയാണ് അവരുടെ പ്രധാന പദ്ധതി. ഇതിനായി ക്ഷേത്ര സംരക്ഷണ സമിതികളുടെ സഹായത്തോടെ ശനിയാഴ്ചകളിൽ വൈകുന്നേരം ഏഴുമണി മുതൽ ഏഴരമണി വരെ വിശ്വാസികളെ കൂട്ടമായി ഒത്തുചേർക്കാൻ ശ്രമിക്കുന്നു. വിശ്വാസിക്ക് തോന്നുമ്പോൾ ക്ഷേത്രത്തിൽ പോകാനുള്ള സ്വാതന്ത്ര്യത്തിന് മേൽ ഹൈന്ദവ മുന്നേറ്റം എന്ന പേരിൽ രാഷ്ട്രീയ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് സംഘപരിവാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർഎസ്എസിന് സ്വന്തമായി ക്രിയാത്മകമായ യാതൊരു കാഴ്ചപ്പാടുമില്ലെന്നും കേവലം വിരോധം മാത്രമാണ് അവരുടെ അടിത്തറയെന്നും അദ്ദേഹം വിമർശിച്ചു. മുസ്ലിം വിരോധം, ക്രിസ്ത്യൻ വിരോധം, കമ്മ്യൂണിസ്റ്റ് വിരോധം എന്നിവയാണ് അവരുടെ രാഷ്ട്രീയം. ഗാന്ധിജിയുടെ ജന്മദേശമായ ഗുജറാത്ത് ഇന്ന് ആർഎസ്എസിന്റെ കാൽക്കീഴിലാണ്. എന്നാൽ നവോത്ഥാന പാരമ്പര്യവും, ജാതിക്കും മതത്തിനും അതീതമായ തൊഴിലാളി-കർഷക സംഘടനകളുടെ വർഗ്ഗബോധവും ഉള്ളതുകൊണ്ടാണ് കേരളത്തെ ഗുജറാത്ത് ആക്കാൻ അവർക്ക് കഴിയാത്തത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ യുഡിഎഫിന് വിജയിക്കാൻ പ്രധാനമായി രണ്ടു കാലാൾപ്പടകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദുത്വ വർഗീയതയും ഇസ്ലാമിക വർഗീയതയുമാണ് അവ. ഇതിനൊപ്പം ക്രിസ്തീയ വിഭാഗത്തിലും ഇവർ സ്വാധീനം ചെലുത്തി. കോൺഗ്രസ് തിരഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം-ബിജെപി ഡീൽ എന്ന വ്യാജ ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കി. സംഘപരിവാർ വീടകങ്ങളിൽ പോലും വർഗീയ വിഷം പ്രചരിപ്പിക്കുമ്പോൾ കോൺഗ്രസിനോ ലീഗിനോ അതിനെ തുറന്നുകാട്ടാൻ കഴിയില്ലെന്നും സിപിഎം മാത്രമാണ് ഇതിനെതിരായി പോരാടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ജന്തർ മന്ദർ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയപ്പോൾ ദേശീയ മാധ്യമങ്ങൾ മോദിക്ക് അനുകൂലമായ പൊതുബോധം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കേരളത്തിലും ആർഎസ്എസ് ആക്രമണങ്ങൾക്ക് സിപിഎം ശക്തമായ പ്രതിരോധം തീർത്തില്ലായിരുന്നെങ്കിൽ ഇവിടുത്തെ മാധ്യമങ്ങളും സംഘപരിവാറിന് കീഴടങ്ങുമായിരുന്നു. അസമത്വം നിറഞ്ഞ ഇന്നത്തെ സാമൂഹ്യ-സാമ്പത്തിക സംവിധാനത്തെ മാറ്റിമറിക്കാൻ പുതിയ തലമുറ വിപ്ലവകരമായി ഇടപെടണമെന്നും ജയരാജൻ പറഞ്ഞു.
Content Highlights: P. Jayarajan attributed recent LDF election defeats to organizational flaws and the influence of communal forces. He criticized the RSS and Sangh Parivar for infiltrating temples and religious spaces for political gains.