മൂങ്ങ പാറിവന്ന് ഡ്രൈവറുടെ തോളിലിരുന്നു, ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ചു

#ന്യൂസ് ഡെസ്‌ക്

ചട്ടഞ്ചാല്‍(കാസര്‍കോട്): ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ തോളില്‍ മൂങ്ങ പാറിവന്നിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതത്തൂണിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ചട്ടഞ്ചാല്‍-ദേളി റോഡില്‍ ബെണ്ടിച്ചാലിലാണ് സംഭവം. റിക്ഷാഡ്രൈവര്‍ തളങ്കര സ്വദേശി യൂസഫിനാണ് (50) പരിക്കേറ്റത്.

കാസര്‍കോട്ടുനിന്നും ബെണ്ടിച്ചാലിലേക്കുള്ള ഒരു യാത്രക്കാരനെ ഇറക്കി മടങ്ങുകയായിരുന്നു യൂസഫ്. പെട്ടെന്ന് മൂങ്ങ തോളിലിരുന്നപ്പോഴുണ്ടായ വെപ്രാളത്തില്‍ അതിനെ തട്ടിമാറ്റുന്നതിനിടയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചത്. റിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും വൈദ്യുതത്തൂണ്‍ തകരാത്തത് ഭാഗ്യമായി. നിസ്സാര പരിക്കേറ്റ യൂസഫ് ചട്ടഞ്ചാലിലെ സ്വകാര്യ ക്ലീനിക്കില്‍ പ്രഥമശ്രുശ്രൂഷ തേടിയശേഷം വീട്ടിലേക്ക് പോയി.

Content Highlights: An owl landing on an auto driver`s shoulder startled him, causing him to lose control and crash into an electric pole in Chathanchal, Kasaragod. Driver sustained minor injuries.