രക്ഷിതാക്കളുടെ പുനർവിവാഹശേഷം കുട്ടികളുടെ അനാഥത്വം ആശങ്കാജനകം -വനിതാ കമ്മിഷൻ

കോഴിക്കോട്: രക്ഷിതാക്കളുടെ പുനർവിവാഹശേഷം കുട്ടികൾ അനാഥത്വം നേരിടുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
രക്ഷിതാക്കളുടെ പുനർവിവാഹശേഷം ആദ്യവിവാഹത്തിലെ കുട്ടികൾക്ക് അനാഥത്വം അനുഭവിക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുകയാണ്. പെൺകുട്ടികൾ 18 വയസ്സിനുശേഷവും പ്രയാസം നേരിടുന്നു. വീടിനുള്ളിലെ അരക്ഷിതാവസ്ഥയും സ്വതന്ത്രമായി പുറത്തുപോകാനാവാത്തതും അവരെ പ്രതിസന്ധിയിലാക്കുന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു.
വിവാഹേതരബന്ധങ്ങൾ കുടുംബങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളും കമ്മിഷന്റെ പരിഗണനയ്ക്കെത്തുന്നുണ്ട്.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുകയാണ്. പല സ്ഥലങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ പ്രവർത്തനരഹിതമാണ്. ഈ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കമ്മിഷൻ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും സതീദേവി പറഞ്ഞു.
സിറ്റിങ്ങിൽ പരിഗണിച്ച 77 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികളിൽ പോലീസ് റിപ്പോർട്ട് തേടി. രണ്ടു പരാതികൾ കൗൺസിലിങ്ങിന് വിട്ടു. 57 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി.
സിറ്റിങ്ങിൽ വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ ജിഷ, ജാമിനി, അഭിജ, കൗൺസിലർമാരായ രമ്യ, സബിന, അവിന എന്നിവരും പരാതികൾ പരിഗണിച്ചു.
Content Highlights: orphanage of childrens after parents remarriage is a matter of concern