ആശുപത്രി ജീവനക്കാരല്ലാത്തവര്‍ വൃക്കയുള്ള പെട്ടിയെടുത്ത് ഓടി, ഏകോപനത്തില്‍ വീഴ്ച- മന്ത്രി

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വൃക്കയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തീയറ്ററിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍| Photo: Mathrubhumi
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വൃക്കയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തീയറ്ററിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍| Photo: Mathrubhumi

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ച വൃക്ക ഉണ്ടായിരുന്ന പെട്ടി, ആംബുലന്‍സില്‍നിന്ന് പുറത്തിറക്കി ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയത് പുറത്തുനിന്നുള്ളവരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

വൈകിട്ട് അഞ്ചരയോടെയാണ് വൃക്കയുമായുള്ള ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെത്തിയത്. ആംബുലന്‍സില്‍ നെഫ്രോളജി, യൂറോളജി വകുപ്പുകളിലെ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ വൃക്കയുള്ള പെട്ടി ഡോക്ടര്‍മാര്‍ പുറത്തിറക്കുന്നതിന് മുന്‍പ്, ആശുപത്രി ജീവനക്കാരല്ലാത്ത മൂന്നുനാലുപേരെത്തി ഇതെടുത്ത് അകത്തേക്ക് ഓടിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരല്ലാത്ത ഇവര്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ മുന്നിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് പോകേണ്ടതെന്ന ആശയക്കുഴപ്പം ഇവര്‍ക്കുണ്ടായത്- മന്ത്രി പറഞ്ഞു.

നാല് മണിക്ക് രോഗിയെ ശസ്ത്രക്രിയയ്ക്ക് മുന്‍പുള്ള ഡയാലിസിസിന് കയറ്റി. നാല് മണിക്കൂറാണ് ഡയാലിസിസിന് എടുക്കുന്ന സമയം. അത് പൂര്‍ത്തിയാക്കി 8.30-ഓടെ ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. എട്ട് മണിക്കൂറോളം ശസ്ത്രക്രിയ നടത്തി, എന്നാല്‍ രോഗി മരണപ്പെട്ടു. യഥാര്‍ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവികളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഏകോപനത്തില്‍ പിഴവുണ്ടായതായും മന്ത്രി പറഞ്ഞു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34-കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചെങ്കിലും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.

എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞിരുന്നില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ടും നല്‍കിയിരുന്നില്ല. മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നിരുന്നു. 

Content Highlights: organ donation mishap thiruvananthapuram medical college