'അവള്‍ എന്നും നീറിപ്പുകയുന്ന ഓര്‍മ്മ'; ആലുവയിലേത് ചരിത്രവിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

വി.ഡി. സതീശന്‍ | ഫോട്ടോ: കെ.ബി സതീഷ്‌കുമാര്‍, മാതൃഭൂമി
വി.ഡി. സതീശന്‍ | ഫോട്ടോ: കെ.ബി സതീഷ്‌കുമാര്‍, മാതൃഭൂമി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മാപ്പര്‍ഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്രവിധിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 

മാതാപിതാക്കളുടെ ഉള്ളില്‍ എന്നും നീറിപ്പുകയുന്ന ഓര്‍മ്മയാണവള്‍. ലോകം എന്തെന്ന് അറിയും മുമ്പേ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ കുറിച്ചു. 

ശിശുദിനമായ ചൊവ്വാഴ്ചയാണ് എറണാകുളം പോക്‌സോ കോടതി ആലുവ കേസില്‍ ശിക്ഷ വിധിച്ചത്. പ്രതി അഫ്‌സാക്ക് ആലത്തിന് തൂക്കുകയറാണ് കോടതി വിധിച്ചത്. കൂടാതെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. 

പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.

Content Highlights: Opposition leader VD Satheesan reaction on Aluva rape murder case verdict. Facebook post.