മന്ത്രി പച്ചക്കള്ളം പറയുന്നു; പ്രസ്താവന തിരുത്തി ഖേദം പ്രകടിപ്പിച്ച് സതീശൻ, അനുകരണീയമെന്ന് സ്പീക്കർ

വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: നിയമസഭയിലെ വിലക്കയറ്റ ചർച്ചയ്ക്കിടെ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നടത്തിയ 'പച്ചക്കള്ളം പറയുന്നു' എന്ന പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതിർന്ന അംഗം മാത്യു ടി. തോമസിൻ്റെ ഇടപെടലിനെത്തുടർന്ന് തൻ്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശൻ, പ്രസ്തുത വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു.

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷ നേതാവ് പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുകൊണ്ട് സർക്കാരിനെ പ്രകീർത്തിച്ചുവെന്ന് മന്ത്രി ജി.ആർ. അനിൽ സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. താൻ പറയാത്ത ഒരു കാര്യം മന്ത്രി സഭയിൽ പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് 'മന്ത്രി പച്ചക്കള്ളം പറയുന്നു' എന്ന് പറഞ്ഞതെന്ന് സതീശൻ പിന്നീട് വിശദീകരിച്ചു. താൻ സപ്ലൈക്കോയുടെ പ്രസക്തിയെക്കുറിച്ചാണ് സംസാരിച്ചതെന്നും സർക്കാരിനെ പുകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സതീശന്റെ പരാമർശത്തിന് പിന്നാലെ, സഭയിലെ മുതിർന്ന അംഗമായ മാത്യു ടി. തോമസ് ഇടപെടുകയും ആ പ്രയോഗം പാർലമെൻ്ററി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. 'വസ്തുതാവിരുദ്ധം' എന്നാണ് ശരിയായ പ്രയോഗമെന്നും അദ്ദേഹം തിരുത്തി.

"24 വർഷമായി സഭയിലുണ്ട്. ഇതുവരെ തൻ്റെ ഒരു വാക്കും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. തൻ്റെ ഒരു വാക്ക് ഇനി വരുന്ന തലമുറയ്ക്ക് വിഷമമുണ്ടാക്കരുത്. തൻ്റെ ഭാഗത്ത് തെറ്റുണ്ടായി. ആ വാക്ക് പിൻവലിക്കുന്നു," എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് ക്ഷമാപണം നടത്തിയത്. മാത്യു ടി. തോമസിന്റെ വാക്ക് വിലമതിക്കുന്നുവെന്നും, താൻ ഉപയോഗിച്ച വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, മന്ത്രിയോടും സഭയോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

പ്രതിപക്ഷനേതാവിന്റെ നടപടി അനുകരണീയമാണെന്ന് പറഞ്ഞ സ്പീക്കർ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.

Content Highlights: Opposition Leader VD Satheesan apologized and withdrew his remark against Minister GR Anil