ഉത്തരവ് മന്ത്രി അറിഞ്ഞില്ലെങ്കില്‍ കസേരയില്‍ ഇരിക്കുന്നതെന്തിന്; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയര്‍ മരം മുറി ഉത്തരവ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം നിയമസഭയില്‍. ഉത്തരവ് മന്ത്രി അറിഞ്ഞില്ലെങ്കില്‍ എന്തിന് ആ കസേരയില്‍ ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു.
ഉത്തരവ് ഇറങ്ങിയത് കെ-റെയിലിനെക്കാള്‍ വേഗത്തിലായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈല്‍ഡ് ലൈഫ് ബോര്‍ഡ് ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ വനം മന്ത്രിയും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല കേരളത്തിലെ പൗരസമൂഹമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ബേബി ഡാമിന്റെ പരിസരത്തെ 23 മരങ്ങള്‍ മുറിക്കാനായി തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് - ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ 5ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ 6-നാണ്. ഉടന്‍തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷണന് മറുപടിയായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാന താത്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: opposition lashes out at government on mullaperiyar tree cutting issue
Content Highlights: