‘സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് ജയിലിലായേനെ’

കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്ന് ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ്. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ്‌കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹൻദാസിന്റെ വെളിപ്പെടുത്തൽ.
ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ, ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഗണേഷിന് അന്ന് ജയിലിൽ പോകേണ്ടിവരുമായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇപ്പോൾ മന്ത്രിപദത്തിലെത്താനോ കഴിയുമായിരുന്നില്ല. മന്ത്രിസ്ഥാനം തിരികെ നൽകാത്തത് ഗണേഷിന് ഉമ്മൻചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി. സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താൻ കണ്ടതാണ്. കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേർത്തതാണ്. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ഇത്രയുംകാലം ഇതൊന്നും പറയാതിരുന്നതാണെന്നും ഉഷാ മോഹൻദാസ് ’മാതൃഭൂമി’യോട് പറഞ്ഞു.
Content Highlights: oommen chandy was trapped into solar case says kb ganesh kumar sister usha mohandas