സോളാർ;ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു,ഗണേഷിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ മൊഴി

കെ.ബി.ഗണേഷ് കുമാര്‍, ഉമ്മന്‍ ചാണ്ടി |ഫോട്ടോ:മാതൃഭൂമി
കെ.ബി.ഗണേഷ് കുമാര്‍, ഉമ്മന്‍ ചാണ്ടി |ഫോട്ടോ:മാതൃഭൂമി

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാപവാദ കേസിൽ കുടുക്കാൻ സോളാർ കേസ് പ്രതിയുമായി കെ.ബി.ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയതു കണ്ടെന്ന് ഗണേഷിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ മൊഴി. എസ്.ഇ.സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മൊഴിനൽകിയത്. 2001 മുതൽ 2004 വരെ ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു മുൻ ജില്ലാപ്പഞ്ചായത്തംഗംകൂടിയായ സഞ്ജയ് ഖാൻ.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് 2013-ൽ മന്ത്രിസഭയിൽനിന്ന് ഗണേഷ് കുമാറിന് രാജിവെക്കേണ്ടിവന്നിരുന്നു. തന്നെ തിരിച്ചെടുക്കാൻ ഉമ്മൻചാണ്ടിക്കും യു.ഡി.എഫ്. നേതാക്കൾക്കും മേൽ സമ്മർദ്ദം ചെലുത്തണമെന്ന് പലപ്പോഴും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. 2015 മേയ് മാസത്തിൽ, ഗണേഷ് കുമാർ പത്തനാപുരം ഓഫീസിലേക്ക് തന്നെ വിളിപ്പിച്ചു. കോൺഗ്രസ് നേതാവ് സി.ആർ.നജീബിനൊപ്പമാണു ചെന്നത്. ഓഫീസിൽ ചെല്ലുമ്പോൾ, സോളാർ കേസ് പ്രതി അവിടെയുണ്ടായിരുന്നു. 'ഉമ്മൻചാണ്ടിയെക്കൂടി കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകത്തില്ല, ബാക്കിയെല്ലാം തന്റെ കൈയിലാണ്' എന്ന് ഗണേഷ് കുമാർ അവരോടു പറയുന്നത് ഞങ്ങൾ കേട്ടു. മറുപടിയായി അവർ ഒ.കെ. എന്നു പറഞ്ഞശേഷം പോകുകയായിരുന്നു.

തങ്ങളോട് സൗഹൃദത്തോടെയും അല്പം ഭീഷണിയുടെ സ്വരത്തിലുമാണ് ഗണേഷ് കുമാർ പിന്നീടു സംസാരിച്ചത്. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻചാണ്ടിയെ സഹിതം പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കും. അടുത്ത തവണ എൽ.ഡി.എഫ്. മുന്നണിയിൽ ചേർന്ന് വേണ്ടതു ചെയ്യും. അപ്പോൾ നമുക്കു കാണാമെന്നും ഗണേഷ് കുമാർ പറഞ്ഞു. വിവരം അന്നുതന്നെ ഉമ്മൻചാണ്ടിയുടെ േപഴ്സണൽ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചെന്നും സഞ്ജയ് ഖാൻ മൊഴിനൽകി.

സോളാർ കേസ് പ്രതിയുടെ കത്തിൽ, ഉമ്മൻചാണ്ടിയെയും മറ്റും കുടുക്കാൻ പ്രതിയും ഗണേഷ് കുമാറും ഗൂഢാലോചന നടത്തി നാല് പേജുകൂടി എഴുതിച്ചേർത്തെന്നാരോപിച്ചാണ് കേസ്. അഭിഭാഷകൻ സുധീർ ജേക്കബാണ് ഹർജിക്കാരൻ. തിരഞ്ഞെടുപ്പുകാലത്ത് വിചാരണ നിർത്തിവെക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി കോടതി തള്ളിയിരുന്നു.

Content Highlights: Sanjay Khan, former personal staff of Ganesh Kumar, testifies in court., Allegations of a conspiracy to frame Oommen Chandy in the solar case