ബ്രഹ്മപുരം തീപ്പിടിത്തത്തിന് ഒരു വർഷം; ശാശ്വത പരിഹാരം ഇനിയും അകലെ, പദ്ധതികൾ പാതിവഴിയിൽ

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നാടിനെ പുകയിൽ മുക്കിയ തീപ്പിടിത്തം ഉണ്ടായിട്ട് ശനിയാഴ്ച ഒരു വർഷം തികയും. 2023 മാർച്ച് 2-നാണ് പ്ലാൻറിൽ പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചത്. പ്ലാൻറിന് പടിഞ്ഞാറു ഭാഗത്ത് ഒറ്റപ്പെട്ട പ്ലാസ്റ്റിക് മലയിൽ പിടിച്ച തീ പിറ്റേ ദിവസം വൈകീട്ട് കിഴക്കുഭാഗത്തുള്ള മാലിന്യ മലകളിലേക്ക് ആളിപ്പടരുകയായിരുന്നു. 13 ദിവസത്തിനു ശേഷമാണ് തീ ശമിച്ചത്.
ബ്രഹ്മപുരത്തെ കൂടാതെ തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി നഗരവാസികളെയും ജില്ലയിലെ മറ്റു പല പ്രദേശങ്ങളെയും ആലപ്പുഴ ജില്ലയുടെ അരൂർ വരെയും ദിവസങ്ങളോളം പുക ബാധിച്ചു. നൂറു കണക്കിനുപേർ പുക ശ്വസിച്ച് ചികിത്സ തേടി. ജാഗ്രതയോടെ ഒരു വർഷം കടന്നു പോകുമ്പോഴും നടപ്പാക്കാനുദ്ദേശിച്ച പദ്ധതികൾ പലതും പാതിദൂരം പോലും പിന്നിട്ടിട്ടില്ല.
ജാഗ്രതയുടെ ഒരു വർഷം
പത്തു വർഷത്തിനിടെ നിരവധി തീപ്പിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 2023-ലെ തീപ്പിടിത്തത്തോടെ ജാഗ്രതയേറി. തീപ്പിടിത്തം ആവർത്തിക്കാതിരിക്കാനും പ്ലാൻറ് പ്രവർത്തനം മെച്ചപ്പെടുത്താനും അധികൃതർ നടപടിയെടുത്തു. ഒരു വർഷം പിന്നിടുമ്പോൾ നിരവധി സൗകര്യങ്ങൾ ബ്രഹ്മപുരത്ത് ഒരുക്കി. പൊട്ടിപ്പൊളിഞ്ഞ പ്രധാന റോഡിനു പകരം നവീകരിച്ച പുതിയ റോഡ് വന്നു. സെക്ടറുകളായി തിരിച്ച പ്ലാസ്റ്റിക് മലകൾക്കിടയിലൂടെ തീ പ്പിടിത്തമുണ്ടായാൽ ഫയർ എൻജിനുകൾക്ക് പോകാൻ കഴിയും വിധം കുറേ ഭാഗങ്ങളിൽ വഴികൾ ഉണ്ടാക്കി.
മാലിന്യമലകൾ കാണാൻ കഴിയുംവിധം വാച്ച് ടവർ സജ്ജീകരിച്ചു. 250-ഓളം ലോഡ് ബയോമൈനിങ് വേസ്റ്റുകൾ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കയറ്റിയയച്ചു. 9 ക്യാമറകളും ബയോമൈനിങ്ങുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉൾപ്പെടെ 21 ക്യാമറകൾ സജ്ജമാക്കി. 25 ഫയർ വാച്ചർമാരെ നിയോഗിച്ചു. വേനൽച്ചൂട് കണക്കിലെടുത്ത് പ്ലാസ്റ്റിക് മലകൾ വെള്ളം നനയ്ക്കുന്നതിനായി അഞ്ച് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ ഇവർ മലകൾ നനച്ചിടുന്നു, തീപ്പിടിത്തമുണ്ടായാൽ നനയ്ക്കാനായി നിലവിലുള്ള മൂന്ന് ഹൈഡ്രന്റുകൾ പ്രവർത്തന സജ്ജമാക്കി.
ബ്രഹ്മപുരത്തെ സ്ഥിതി വിലയിരുത്താൻ എല്ലാ ചൊവ്വാഴ്ചയും മൂന്നിന് മന്ത്രിമാർ, മേയർ, എം.എൽ.എ., കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗം ചേരുന്നുണ്ട്.
പുതിയ പ്ലാൻറുകൾ
ജൈവമാലിന്യ സംസ്കരണത്തിനുള്ള 50 ടൺ ശേഷിയുള്ള രണ്ട് ബി.എസ്.എഫ്. പ്ലാന്റുകളുടെ പണികൾ പൂർത്തിയായി വരുന്നു. ഈ മാസം പ്രവർത്തനമാരംഭിക്കും 100 ടൺ മാലിന്യം ഇതുവഴി സംസ്‌കരിക്കാൻ കഴിയും. കോർപ്പറേഷന്റെ വിൻഡ്രോ പ്ലാന്റ് അറ്റകുറ്റപ്പണി നടത്തി ഉടൻ പ്രവർത്തനം ആരംഭിക്കും.ഇവിടെയും 50 ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയും. ബി.പി.സി.എല്ലിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഒരു വർഷത്തിനകം പൂർത്തീകരിക്കും. ഇതിന് 10 ഏക്കർ സ്ഥലം നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
കോർ കമ്മിറ്റി
ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ് കൺവീനറായി കോർ കമ്മിറ്റി രൂപവത്‌കരിച്ചു. കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ, ഹെൽത്ത് ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ഇറിഗേഷൻ, കെ.എസ്.ഇ.ബി. വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പോലീസ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ബ്രഹ്മപുരം പ്ലാന്റിലെ പ്രവർത്തനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ കോർ കമ്മിറ്റി അവലോകനം ചെയ്യും.
എളുപ്പമല്ല, എളുപ്പവഴി
തീപ്പിടിത്തത്തെ തുടർന്ന് ശാശ്വത പരിഹാരത്തിനായി ഒട്ടേറെ തീരുമാനങ്ങൾ എടുത്തിരുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പലതും നടപ്പായിട്ടില്ല.പ്ലാസ്റ്റിക് മലകൾക്കിടയിലൂടെയുള്ള വഴികൾ ഫയർ എൻജിനുകൾക്കു പോകാൻ കഴിയും വിധം പൂർണമായും സജ്ജമാക്കാനായില്ല. പ്രധാന റോഡ് നന്നാക്കിയെങ്കിലും പ്ലാസ്റ്റിക് മാലിന്യപ്ലാൻറിലേക്ക് എത്താനുള്ള എളുപ്പവഴി ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.
തീപ്പിടിത്ത സമയത്ത് ഉടൻ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് ഹൈഡ്രൻറുകൾ മാത്രമാണ് പ്രവർത്തന സജ്ജം. 75 ലക്ഷം രൂപ ചെലവിൽ 12 ഹൈഡ്രന്റുകൾ അധികമായി സ്ഥാപിക്കുമെന്ന തീരുമാനം ഉണ്ടെങ്കിലും സജ്ജമാക്കാനായില്ല.പ്ലാൻറിൽ മുഴുവൻ നോട്ടം കിട്ടുംവിധം വാച്ച് ടവറുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും സ്ഥാപിച്ചത് ഒരെണ്ണം.
വെള്ളം സംഭരിക്കാൻ നിലവിൽ 50,000 ലിറ്ററിന്റെ ഒരു ടാങ്കാണ് നിർമിച്ചിട്ടുള്ളത്. 50,000 ലിറ്ററിന്റെ മൂന്ന് ടാങ്കുകൾ കൂടി അടിയന്തരമായി നിർമിക്കുമെന്ന് പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി അഗ്നിരക്ഷാ സേന വിജിലൻസ് വിഭാഗം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
തീപ്പിടിത്തം ആവർത്തിക്കുന്നു; ഹൈക്കോടതി ജഡ്ജിമാർ ബ്രഹ്മപുരത്തേക്ക്
ഇടക്കിടെയുണ്ടാകുന്ന തീപ്പിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിമാർ മാർച്ച് ആറിന് ബ്രഹ്മപുരത്തെ മാലിന്യപ്ലാൻറ് സന്ദർശിക്കും. വിഷയം പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബ്രഹ്മപുരത്ത് നേരിട്ടെത്തി പരിശോധന നടത്തുന്നത്.
ബ്രഹ്മപുരത്ത് കഴിഞ്ഞ വർഷം ദിവസങ്ങളോളം നീണ്ടുനിന്ന തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ദിവസവും ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായ പശ്ചാത്തലത്തിൽ വിഷയം പരിഗണിച്ച ഡിവിഷൻ ബെഞ്ച് ബ്രഹ്മപുരത്ത് നേരിട്ടെത്തി പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. മാർച്ച് ആറിന് വൈകീട്ട് 3.30-നാണ് ജഡ്ജിമാർ ബ്രഹ്മപുരത്ത് എത്തുക.ബ്രഹ്മപുരത്തെത്തി നിലവിലെ പ്ലാൻറും നിർദിഷ്ട ബി.പി.സി.എൽ. മാലിന്യപ്ലാൻറ് നിർമാണവുമായി ബന്ധപ്പെട്ട പുരോഗതികളും ഇരുവരും നേരിട്ട് വിലയിരുത്തും.
കഴിഞ്ഞ ബുധനാഴ്ചയും പ്ലാന്റിൽ തീപ്പിടിത്തം ഉണ്ടായ സാഹചര്യത്തിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും കോടതി നിർദേശിച്ചു.ബ്രഹ്മപുരം വിഷയം പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്റെ സിറ്റിങ്ങിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകി. കളമശ്ശേരി മേഖല മാലിന്യക്കൂമ്പാരമാണെന്ന് കോടതി വിമർശിച്ചു. എച്ച്.എം.ടി., നിർദിഷ്ട ജുഡീഷ്യൽ സിറ്റി പരിസരം തുടങ്ങിയ ഇടങ്ങൾ മാലിന്യമയമാണ്. കളമശ്ശേരി മെട്രോ സ്റ്റേഷൻ പരിസരത്തും സമാന സാഹചര്യമാണുള്ളത്. പ്രദേശത്തെ മാലിന്യം എത്രയുംവേഗം നീക്കണമെന്ന് കോടതി കളമശ്ശേരി നഗരസഭയോട് നിർദേശിച്ചു. ഹർജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
Content Highlights: One year since the Brahmapuram fire