ഒളോപ്പാറയുടെ ടൂറിസം വികസനത്തിന് ഒന്നരക്കോടിയുടെ പദ്ധതി,5 റോഡുകള്‍ നവീകരിക്കും എ.കെ.ശശീന്ദ്രന്

ഒളോപ്പാറയുടെ ടൂറിസം വികസനത്തിന് വഴിയൊരുക്കാന്‍ ഒന്നരക്കോടിരൂപ ചെലവില്‍ ഇവിടേക്കുള്ള അഞ്ച് റോഡുകള്‍ നവീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ഒളോപ്പാറയിലേക്കുള്ള പ്രധാന റോഡായ ചെലപ്പുറം-ഒളോപ്പാറ പൊറോത്ത് റോഡ് 40ലക്ഷം രൂപ ചെലവില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങി ടൈല്പാതയായാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം പഞ്ഞു. 'ഒളോപ്പാറയുടെ വികസനത്തിനൊപ്പം' എന്ന സന്ദേശവുമായി മാതൃഭൂമി കാച്ചിറബണ്ടിലെ തെക്കേപ്പുറം ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവാന്‍ വീതിയുള്ള റോഡുകള്‍ വേണം. നിലവിലുള്ള റോഡുകള്‍ക്ക് ആറുമീറ്റര്പോലും വീതിയില്ല. എട്ട് മീറ്ററെങ്കിലും വീതിയുണ്ടെങ്കിലെ റോഡ്ഫണ്ട് ബോര്‍ഡിനോ പൊതുമരാമത്ത് വകുപ്പിനോ കൈമാറാന്‍ കഴിയുകയുള്ളു. അതുകൊണ്ട് റോഡിന്റെ ഇരുഭാഗങ്ങളിലും താമസിക്കുന്നവര്‍ ഭൂമിവിട്ടുനല്കാന് സന്നദ്ധത കാണിക്കണം. ഭൂമിവിട്ടുനല്‍കിയാല്‍ അവര്‍ക്കും പ്രയോജനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.