വാടാനപ്പള്ളിയില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

#എം.എസ്. ലിഷോയ് | മാതൃഭൂമി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവത്ത പറമ്പില്‍ പ്രഭാകരന്‍, ഭാര്യ കുഞ്ഞിപ്പെണ്ണ് (85) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കുഞ്ഞിപ്പെണ്ണിന്റെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലും പ്രഭാകരന്റെ മൃതദേഹം വീടിന്റെ മുറ്റത്തുമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് ഇരുവരെയും പരിചരിച്ചിരുന്നത്. ഉച്ചയോടെ ഇരുവരുടെയും വിവരങ്ങളറിയാന്‍ എത്തിയതാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍. 

സംഭവത്തില്‍ ദുരൂഹതയില്ല എന്നും പ്രായാധിക്യം കൊണ്ട് സംഭവിച്ച മരണമാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിപ്പെണ്ണ് മരിച്ച വിവരം ആരെയെങ്കിലും അറിയിക്കുന്നതിനായി പുറത്തിറങ്ങിയ ഭാസ്‌കരന്‍ ഹൃദയാഘാതം മൂലമോ അല്ലാതെയോ കുഴഞ്ഞുവീണ് മരിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.  

വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല, എന്നിരുന്നാലും അസ്വാഭാവിക മരണമല്ല എന്ന് ഉറപ്പിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 

Content Highlights: old age couple found dead in home at vadanappally thrissur