പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ.എ. സലിം അന്തരിച്ചു

പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം (86)അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിൽ. 1963ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും 1966 ൽ ജനറൽ മെഡിസിനിൽ എംഡിയും പാസായ സലിം വിദേശത്ത് പരിശീലനവും പൂർത്തിയാക്കി. 1978 ൽ ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും 1982 ൽ ലണ്ടൻ റോയൽ കോളേജ് ഓഫ് പത്തോളജിസ്റ്റന്റെയും ബിരുദാനന്തര ബിരുദവും നേടി. മറ്റ് പ്രശസ്ത വിദേശ ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി വിഭാഗത്തിന് തുടക്കം കുറിച്ചത് ഡോക്ടർ കെ എ സലീമാണ്. രക്തസംബന്ധമായ പഠനങ്ങളിലും ചികിത്സയിലും ഡോ. സലിം രാജ്യത്തുതന്നെ അതിവിദഗ്ധരിൽ ഒരാളാണ്. ആഗോളതലത്തിലും അറിയപ്പെട്ട ഡോക്ടർ സലിം സൗദി അറേബ്യയിൽ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. ലണ്ടനിൽ നാഷണൽ ഹെൽത്ത് സർവീസസിൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ പാത്തുമ്മാൾ ആണ് ഭാര്യ. ഡോ. ഷഫീഖ് (ബർമിങ്ങാം, യുകെ), റഫീഖ് (സൗദി അറേബ്യ) ഡോ. ആഷിഖ്, ഡോ സജിക് (യുകെ) എന്നിവരാണ് മക്കൾ.
സഹോദരങ്ങൾ: ഡോ. ഹക്കിം (ന്യൂറോളജിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. അസിം (ഡെന്റൽ സർജൻ നിംസ് തിരുവനന്തപുരം), സീന കരീം, ഡോ. ബുഷ്റ ഫസൽ (ഗൈനക്കോളജിസ്റ്റ്), അഡ്വ. അസീമ, ഡോ. കെ.എ. റഹിം, കെ.എ, കരീം( എഞ്ചിനീയർ)