സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

ആലപ്പുഴ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ബെംഗളൂരുവിൽ നഴ്‌സായിരുന്ന ആര്യമോൾ വിദേശത്തേക്ക് പോകാനായി ജോലി രാജിവെച്ച് മൂന്നു മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരുമാസം മുൻപാണ് ആര്യമോൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രോഗം ഭേദമായി ഇവിടെനിന്ന് ഡിസ്ചാർജ് അയി വീട്ടിലെത്തിയെങ്കിലും വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 18 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അതേസമയം, ആര്യമോൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് നേരത്തെയും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾക്ക് ഉൾപ്പെടെ ജീവൻ നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും മരണം റിപ്പോർട്ട്‌ചെയ്തിരിക്കുന്നത്.
Content Highlights: Death of 26-year-old nurse Aryamol due to amoebic meningoencephalitis., Patient treated at Vandanam Medical College and Thiruvananthapuram Medical College., Source of the infection remains unidentified by health authorities., Recurring concern regarding amoebic brain fever incidents in Kerala.