മിനിസ്റ്റർ അഭിനയിച്ചു, നാടകംകളിച്ചു എന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ- നേഴ്സിന്റെ ഫേസ്ബുക് പോസ്റ്റ്

കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിനൊപ്പമുള്ള ഫോട്ടോ വിവാദമായതോടെ വിശദീകരണവുമായി ആശുപത്രിയിലെ നേഴ്‌സ് രംഗത്ത്. നേഴ്‌സായ പി.സി. സ്മിതയാണ് ഫേസ്ബുക്കിലൂടെ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
കടുത്ത ശരീരവേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്നും പോസ്റ്റിൽ പറയുന്നു. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിക്ക് എംആർഐ സ്‌കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തുവേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീരവേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലായെന്നും സ്മിത പറയുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ഫോട്ടോഷൂട്ട് നടത്തുകയാണെന്നായിരുന്നു കെഎസ്‌യു വിമർശനം. നേഴ്‌സുമാർക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഫേസ്ബുക്കിൽ പങ്കുവച്ചു. പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തിൽ മന്ത്രി ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ഫർഹാൻ ആരോപിച്ചിരുന്നു.
Content Highlights: A nurse defends Minister Veena George against allegations of 'staging a drama' in the hospital., The controversy arose from a photo of the minister with nurses in the ICU., The nurse clarified the minister suffered from severe pain, high blood pressure, and mental distress., KSU had accused the minister of conducting a 'photoshoot' and misusing ICU facilities.