കാണാമെന്ന് പറഞ്ഞിരുന്നു, പിന്നെന്തുണ്ടായെന്ന് അറിയില്ലെന്ന് സതീശൻ, പച്ചക്കള്ളമെന്ന് സുകമാരൻ നായർ

ജി. സുകുമാരന്‍ നായര്‍, വി.ഡി. സതീശന്‍ | Photo - Mathrubhumi archives
ജി. സുകുമാരന്‍ നായര്‍, വി.ഡി. സതീശന്‍ | Photo - Mathrubhumi archives

തിരുവന്തപുരം: എൻ.എസ്.എസ്. ജനറൽസെക്രട്ടറി ജി. സുകുമാരൻനായർ കാണാൻ അനുമതി ചോദിച്ചിട്ടും സമയംനൽകിയില്ലെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി. അദ്ദേഹം ഫോൺവിളിച്ച് കാണണമെന്ന് അറിയിച്ചിരുന്നു. കാണാമെന്നു പറയുകയുംചെയ്തു. പിന്നീട് എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലിരിക്കേ ജനറൽസെക്രട്ടറി വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു. ജനറൽസെക്രട്ടറിയുമായി സംസാരിച്ചപ്പോൾ കുറച്ചുകാര്യം പറയാനുണ്ടെന്നും കാണാമെന്നുമാണ് അറിയിച്ചത്. സൗഹാർദപരമായാണ് സംസാരിച്ചത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വന്നു, കാണാൻ അനുമതി നൽകിയില്ലെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞതാണോയെന്ന് അറിയില്ല -മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രി കള്ളംപറയുന്നു -ജി. സുകുമാരൻനായർ

ചങ്ങനാശ്ശേരി: കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബുധനാഴ്ച പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജി. സുകുമാരൻനായർ പ്രതികരിച്ചു. മുൻപ്‌ സന്ദർശനത്തിന് അനുമതി തേടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു. തിരിച്ചുവിളിക്കാമെന്ന് അറിയിച്ചു. ആറുദിവസം കഴിഞ്ഞാണ് വിളിച്ചത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടുംവിളിച്ചു. എറണാകുളത്തുവെച്ച് കാണാമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞു. അങ്ങനെ കാണേണ്ട കാര്യമല്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള എൻ.എസ്.എസ്. നിലപാടിൽ ഒരു മാറ്റവുമില്ല. ഇനി കാണാൻ താത്പര്യമില്ല. തന്നെ കാണാനും ആരും വരേണ്ടാ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ചാൽ എടുക്കുമായിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഇപ്പോൾ ഉണ്ടോ. രാഹുൽഗാന്ധി എവിടെയാണ്. എൻ.എസ്.എസിനെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. പാവം ഉപരാഷ്ട്രപതിയെക്കൂടി ഈ രാഷ്ട്രീയലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു. സുരേഷ്‌ഗോപിയുടെ നിലപാട് ബി.ജെ.പി.ക്ക് ദോഷകരമാകുമെന്നു മനസ്സിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ്. അനുകൂലനിലപാടെടുത്തതെന്നും സുകുമാരൻനായർ പറഞ്ഞു.

Content Highlights: CM claims he was open to meeting G. Sukumaran Nair., G. Sukumaran Nair refutes CM's version of events as false., NSS maintains firm stance against VD Satheesan., Sukumaran Nair criticizes Suresh Gopi's remarks on NSS., NSS leadership confirms no further interest in meeting the CM.