തെരുവ് കച്ചവടക്കാർക്ക് ഭക്ഷ്യവസ്തുക്കൾ; ലോക്ക്ഡൗണിലും കൈത്താങ്ങായി നൗഷാദ്

കൊച്ചി: പ്രളയകാലത്ത് സഹായമഭ്യർത്ഥിച്ച് വന്നവർക്ക് കടയിലെ വസ്ത്രങ്ങളെല്ലാം നൽകിയ എറണാകുളം ബ്രോഡ് വേയിലെ വ്യാപാരി നൗഷാദ് ലോക്ക്ഡൗണിലും സഹജീവികൾക്ക് കൈത്താങ്ങാവുകയാണ്. ബ്രോഡ് വേയിൽ തെരുവുകച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാർക്കാണ് നൗഷാദിന്റെ നന്മ ഇത്തവണ തുണയായത്. ഇവരുടെ കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയായിരുന്നു നൗഷാദ്.
ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ഇവർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് സാധനങ്ങൾ എത്തിച്ചതെന്ന് നൗഷാദ് പറയുന്നു. 'ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ വീട്ടിൽ ഇരുപ്പുറച്ചില്ല. പെങ്ങളുടെ മകളുടെ കയ്യിൽ നിന്ന് വാങ്ങിയ 5000 രൂപയും എന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് പണവും ചേർത്ത് അരിയും മറ്റു സാധനങ്ങളും വാങ്ങി എത്തിക്കുകയായിരുന്നു' -നൗഷാദ് കൂട്ടിച്ചേർത്തു.
സഹായിക്കാൻ പോകുമ്പോഴും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങളെല്ലാം പാലിച്ചിരുന്നു നൗഷാദ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ചെന്ന് ആവശ്യമറിയിച്ച് സത്യവാങ്മൂലം വാങ്ങിച്ച ശേഷമാണ് സാധനങ്ങൾ വാങ്ങി എത്തിച്ചത്. മാസ്കും ഗ്ലൗസും ഉൾപ്പെടെയുള്ള സുരക്ഷാകവചങ്ങളും ധരിച്ചിരുന്നു.
കൂടുതൽ പേർക്ക് സഹായം ചെയ്യണമെന്നുണ്ടെന്നും എന്നാൽ, സാമ്പത്തിക പരിമിതിയാണ് വെല്ലുവിളിയാകുന്നതെന്നും നൗഷാദ് പറയുന്നു. 'സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനും പരിമിതികളുണ്ട്. നമ്മളും കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കണം. സഹായം ചോദിച്ച് എന്നെ ഒരുപാടു പേർ വിളിക്കുന്നുണ്ട്. എന്നാൽ, എന്നെക്കൊണ്ട് ഒറ്റയ്ക്ക് എല്ലാവരെയും സഹായിക്കുക സാധ്യമല്ലല്ലോ. മറ്റുള്ളവരും സഹായ മനസ്ഥിതിയുമായി എത്തിയാൽ കൂടുതൽ പേരിലേക്ക് സഹായമെത്തിക്കാനാകും' -നൗഷാദ് കൂട്ടിച്ചേർത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇൻസാനിയത് എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും നൗഷാദ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: