‘പ്രവാസികളിൽനിന്ന് 1000 കോടി പിരിക്കാം; എല്ലാ വർഷവും ആഗോള ആരോഗ്യസമ്മേളനം’

തിരുവനന്തപുരം: 10,000 പേരിൽനിന്ന് 10 ലക്ഷംവീതം പിരിച്ച് 1000 കോടിയുടെ ’നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട് ’ രൂപവത്കരിക്കാമെന്നു നിർദേശം.
മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്ക് ഫോഴ്സിനായി തയ്യാറാക്കിയ പശ്ചാത്തലരേഖയിലാണ് ഈ നിർദേശമുള്ളത്. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം മാതൃകയിൽ എല്ലാവർഷവും കേരളത്തിൽ ആഗോള ആരോഗ്യസമ്മേളനം നടത്താമെന്നും ശുപാർശയുണ്ട്.
ആവശ്യമനുസരിച്ചാകും ഫണ്ട് വിനിയോഗം. പണംനൽകിയവർക്ക് ഇഷ്ടമുള്ള ജില്ലയ്ക്കോ കരാറുകാരനോ തുക നീക്കിവെക്കാൻ ആവശ്യപ്പെടാനാകില്ല. ഇൻഷുറൻസ് കമ്പനികൾ, ആഗോള ബാങ്കുകൾ, ഖത്തർ -സൗദി നിധികൾ എന്നിവയിൽനിന്നും പണംതേടാം. 15 അംഗ ഡോണേഴ്സ് കൗൺസിലിനാണ് ഫണ്ട് നിയന്ത്രണം. ഇതിൽ 10 പേർ പണംനൽകിയവരാകും.
സമ്മേളനം നടത്താൻ ’വേൾഡ് ഹോളിസ്റ്റിക് ഹെൽത്ത് ഫോറം’ എന്ന സന്നദ്ധസംഘടന രൂപവത്കരിക്കും. ഇതിന് സർക്കാർപിന്തുണ വേണം. ഏതാനും സംരംഭകരാകും മൂലധനം മുടക്കുക. അവർ ആരെന്നു രേഖയിലില്ല. ടാസ്ക്ഫോഴ്സിനെ തിങ്കളാഴ്ച നിയമസഭയിൽ സി.പി.എം. ചോദ്യംചെയ്യും.
ടാസ്ക് ഫോഴ്സ് ഘടന
മുഖ്യമന്ത്രി വി.ഡി. സതീശൻ (ചെയർമാൻ) ആരോഗ്യമന്ത്രി കെ. മുരളീധരൻ (വൈസ് ചെയർമാൻ) അംഗങ്ങൾ: ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി (കോഡിനേറ്റർ) ഡോ. ഷർമിള മേരി ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, യു.പി. മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ, ഐ.എൽ.ബി.എസ്. ചാൻസലർ ഡോ. ശിവ്കുമാർ സരിൻ, കെ.ഇ.എഫ്. ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡി. സി. ദേവീദാസ് വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, മഹാജൻ ഇമേജിങ് ആൻഡ് ലാബ്സ് ചെയർമാൻ ഡോ. ഹർഷ് മഹാജൻ, ജീവ ആയുർവേദ ചെയർമാൻ ഡോ. പ്രതാപ് ചൗഹാൻ, ഗ്ലോബൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കഞ്ചർല രവീന്ദ്രനാഥ്, റിയാക്ട് ഏഷ്യ പസഫിക് ഡയറക്ടർ ഡോ. എസ്.എസ്. ലാൽ, ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്വർക്ക് ചെയർമാൻ ഡോ. എം.വി. പിള്ള, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് (വടക്കേ അമേരിക്ക) പ്രസിഡന്റ് ഡോ. നിഷ നിഗിൽ.
Content Highlights: Proposal to form a Rs 1000 crore Norka Global Kerala Health Fund by collecting 10 lakh rupees each from 10,000 people., Recommendation to host an annual global health summit in Kerala modeled after the Davos World Economic Forum., A 15-member Donors Council will control the fund, with 10 members being major contributors., Formation of the World Holistic Health Forum NGO to organize summits with government backing.