മാറ്റമില്ലാതെ തൊഴിലില്ലായ്മവേതനം; ഇന്നും 120 രൂപ, കെെപ്പറ്റുന്നത് 286 പേർ

#രശ്മി രഘുനാഥ്
പ്രതീകാത്മക ചിത്രം |  ഫോട്ടോ: എ.എഫ്.പി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി

കോട്ടയം: തൊഴിലില്ലായ്മവേതനത്തിനായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾക്കുമുന്നിൽ മണിക്കൂറുകൾ വരിനിൽക്കുന്ന യുവാക്കൾ രണ്ടുപതിറ്റാണ്ടുമുൻപ്‌ സംസ്ഥാനത്തെ കാഴ്ചയായിരുന്നു. ഇന്ന് ഈ തുക വാങ്ങുന്നത് 286 പേർമാത്രം. അന്നുമിന്നും തുക പ്രതിമാസം 120 രൂപ.

43 വർഷംമുൻപ്‌ തൊഴിലില്ലായ്മവേതനപദ്ധതി ആരംഭിച്ചകാലത്ത് നിശ്ചയിച്ച അർഹതാമാനദണ്ഡങ്ങൾതന്നെയാണ് ഇപ്പോഴും. കുടുംബ വാർഷികവരുമാനം 12,000-ത്തിൽ കവിയരുത്, അപേക്ഷകന്റെ പ്രതിമാസവരുമാനം 100 രൂപയിൽ കൂടരുത്. ഇതിന്റെ പരിധിയിൽവരുന്ന 286 പേർ ഇപ്പോഴുമുണ്ടെന്നതിലാണ് വിസ്മയം. നിബന്ധനയിൽ മാറ്റംവരുത്തണമെന്ന്, വകുപ്പിൽനിന്ന് വർഷങ്ങളായി സർക്കാരിന് കത്ത് നൽകാറുണ്ടെങ്കിലും നടപടിയില്ല.

2024-ൽ 2019 പേർ തൊഴിലില്ലായ്മ വേതനം വാങ്ങിയിരുന്നു. 2015-ൽ 19 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. നിലവിൽ ഏറ്റവും കൂടുതലാളുകൾ തുക വാങ്ങുന്നത് ആലപ്പുഴ ജില്ലയിലാണ്-138 പേർ. കോട്ടയത്ത് 26 പേരും ഇടുക്കിയിൽ 25 പേരും വേതനം വാങ്ങുമ്പോൾ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇത് ഒരാൾവീതംമാത്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരാൾപോലും വാങ്ങുന്നില്ല.

2024-ൽ ആകെ 24 പുതിയ അപേക്ഷയാണ് വേതനത്തിനായി തദ്ദേശസ്ഥാപനങ്ങളിൽ ലഭിച്ചത്. 2014-ൽ 26.54 കോടിയും 2015-ൽ 37.37 കോടിയും തൊഴിലില്ലായ്മവേതനമായി വിതരണംചെയ്തിടത്ത്, കഴിഞ്ഞവർഷം വിതരണംചെയ്തത് 14.14 ലക്ഷം രൂപ.

സ്വയംതൊഴിൽ സഹായത്തിനുള്ള അപേക്ഷകരും കുറവാണ്. പത്തുവർഷം മുൻപ്‌ 25 കോടി രൂപവരെ ധനസഹായം നൽകിയിടത്ത്, 2024-ൽ കൊടുത്തത് 734 ലക്ഷം രൂപ.

Content Highlights: No change in wage given to workers