കൊട്ടിഘോഷിച്ച് KSRTC ഡബിള്‍ ഡക്കർ ബസ് ഉദ്ഘാടനം; ഫിറ്റ്നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് എം പരിവാഹന്‍ രേഖ

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിന് ഫിറ്റ്നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് എം പരിവാഹന്‍ രേഖ. പതിമൂന്ന് വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസാണ് പുതുക്കിപണിഞ്ഞത്. ബസ് മലയോര സര്‍വീസിന് അനുയോജ്യമല്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ദിവസേന ശരാശരി ആറായിരം മുതല്‍ ഒമ്പതിനായിരം രൂപ വരെ വരുമാനം കിട്ടിയിരുന്ന ബസ് പുതുക്കി പണിയാനായി ഏഴ് മാസമായി ഒതുക്കിയിട്ടുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മൂന്നാറിലെ വളവും കയറ്റവുമുള്ള റോഡില്‍ ഡബിള്‍ ഡക്കര്‍ ബസിന്റെ രൂപകല്പന അനുയോജ്യമല്ല, തൊഴിലാളി സംഘടനകളുമായി വിഷയത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.
ചൊവ്വാഴ്ചയാണ് കെ.എസ്.ആര്.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ്. മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് തന്റെ എക്കാലത്തേയും സ്വപ്നമായിരുന്നുവെന്നും മന്ത്രി ഗണേഷ്കുമാര് ചടങ്ങില്‍ പറഞ്ഞു. തിരുവനന്തപുരത്തേത് പോലെ മൂന്നാറിലും ഡബിള്‍ ഡക്കര്‍ ബസ് ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
യാത്രക്കാര്‍ക്ക് പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബസിന്റെ നിര്‍മ്മാണം. 50 പേര്‍ക്ക് പുറംകാഴ്ചകള്‍ കണ്ടുകൊണ്ട് ബസില്‍ യാത്ര ചെയ്യാം. കുടിവെള്ളം, കോഫി വെന്‍ഡിങ് മെഷീന് തുടങ്ങിയ സൗകര്യങ്ങളും ബസിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പാപ്പനങ്ങാട് ഡിപ്പോയില്‍ കെ.എസ്.ആര്.ടി.സി. വര്‍ക്ക്ഷോപ്പിലായിരുന്നു ബസിന്റെ നിര്‍മാണം. പഴയ കെ.എസ്.ആര്.ടി.സി. ബസ് നവീകരിച്ചാണ് റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് നിര്‍മിച്ചിരിക്കുന്നത്. ബസ് നിര്‍മ്മിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാരെ ചടങ്ങില്‍ മന്ത്രി ആദരിക്കുകയും ചെയ്തു.
Content Highlights: no fitness and insurance for newly launched KSRTC royal view double decker bus