ഉയരങ്ങളിൽ വിരൽത്തുമ്പ് കൊണ്ട് വിസ്മയം തീർത്ത കെട്ടിട രൂപകൽപനയിലെ സലിം ടച്ച്

കോഴിക്കോട്: ഉയരങ്ങളിൽ വിരൽത്തുമ്പ് കൊണ്ട് വിസ്മയം തീർത്തിരുന്നു തിങ്കളാഴ്ച്ച കോഴിക്കോട് അന്തരിച്ച സലീം അലി എന്ന ആർക്കിടെക്ട്. പാണക്കാട്ടെ സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച് അസാധാരണമായി ചിന്തിച്ച കൗശലക്കാരൻ.
കോഴിക്കോട്ടെ മലബാർ പാലസിലും പാരാമൗണ്ട് ടവറിലും തുടങ്ങി ലുലുമാളും ലേ മെറിഡിയനും ഗോകുലം കോംപ്ലക്‌സുമെല്ലാം സലിം ടച്ചിൽ തല ഉയർത്തി നിന്നപ്പോൾ അദ്ദേഹത്തിന്റെ കീർത്തി പുതിയ ഉയരങ്ങൾ തേടി പറന്നു. കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചു.
ബിജിആർടി ബെംഗളൂരു, കോഴിക്കോട് സൈബർ പാർക്ക്, കോഴിക്കോട് പബ്ലിക്ക് ലൈബ്രറി, ദോഹ സ്പ്രിങ് ടവർ, തൃശ്ശൂർ ധനലക്ഷ്മി ബാങ്ക്, ലേക്ക്‌സൈഡ് ഹാബിറ്റാറ്റ് ബെംഗളൂരു, കോഴിക്കോട് ലുലു കൺവെൻഷൻ സെന്റർ എന്നിവയെല്ലാം സലീം ടച്ചിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രം.
ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടാണ് സലിം ജനിച്ചത്. സ്‌കൂൾ പഠനത്തിന് ശേഷം തിരുവനന്തപുരം എൻജിനിയറിങ് കോളേജ് ആർക്കിടെക്ചറിന്റെ ലോകം തുറന്ന് കൊടുത്തു. നാലാം വർഷത്തിൽ തന്നെ സലീമിന്റെ ഭാവിക്ക് അത് അടിത്തറയായി. ബന്ധുവായ സി.കെ കരീമിന്റെ വീട് രൂപകൽപ്പന ചെയ്തുകൊണ്ടായിരുന്നു തുടക്കം. മൂന്നുമുറികളിൽ ഒതുങ്ങിയ ആ വീട് അക്കാലത്തെ ന്യൂജൻ ട്രെൻഡുകളിലൊന്നായും മാറി.
1972-ൽ പഠനം കഴിഞ്ഞയുടൻ കോഴിക്കോട്ടേക്ക് വണ്ടികയറി. അവിടെ നിന്ന് തുടങ്ങി സലീം അലിയുടെ വളർച്ച. നടക്കാവിൽ 100 സ്‌ക്വയർഫീറ്റ് മുറിയിൽ എൻ.എം സലീം കൺസൽട്ടിങ് ആർക്കിടെക്‌സ് എന്ന പേരിൽ ഒരു സഹായിയുമായി തുടങ്ങിയ സലീമിന്റെ ഉയരങ്ങളോടുള്ള സ്‌നേഹം, അങ്ങനെ കോഴിക്കോടിനൊപ്പം കടൽകടന്നും പടർന്ന് പന്തലിച്ചു.
പാരമൗണ്ട് ടവേഴ്‌സ് എന്ന പത്തുനില കെട്ടിടം സലീമിന്റെ കരവിരുതിൽ തല ഉയർത്തി നിന്നതോടെ കോഴിക്കോട് ബഹുനില കെട്ടിടങ്ങളുടെ വിജയ ലിസ്റ്റിൽ കയറുകയായിരുന്നു. 1985-ൽ മലബാർ പാലസ്, കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയിലൂടെ കേരളമെങ്ങും സലീമിന്റെ കൈവിരലുകൾ വിശ്രമമില്ലാതെ ചലിച്ചു.
സീഷെൽ അപ്പാർട്‌മെന്റ്‌സ്, മിംസ് ആശുപത്രി, സമോറിൻ ടവർ, കുഞ്ഞാലിമരക്കാർ മ്യൂസിയം, കേരള പോലീസ് അക്കാദമി, കണ്ണൂർ സർവകലാശാലാ ലൈബ്രറി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എന്നിവയിലൂടെയാല്ലാം സലീം ടച്ച് കേരളത്തിലങ്ങോളമിങ്ങോളം എത്തി. മണിപ്പാൽ എഡ്യൂക്കേഷൻ സിറ്റി, മംഗലാപുരത്തെ ഹിസ് ഗ്രൈസ് അപ്പാർട്‌മെന്റ്‌സ്, ബേരീസ് ടേണിങ് പോയിന്റ് തുടങ്ങിയവയിലൂടെ അത് അതിർത്തി കടന്നു. ദോഹയിലെ സഫാരി ഷോപ്പിങ് മാളിലൂടെയും സ്പ്രിങ് ടവറിലൂടെയും കടൽ കടന്നു.
ബെംഗളൂരുവിൽ 27 നിലകളിൽ ഇരട്ട ഗോപുരങ്ങളിലായി സലീം സൃഷ്ടിച്ച ലേക്‌സൈഡ് ഹാബിറ്റാറ്റ് ബിൽഡിങ് 2009-ൽ കർണാടക സർക്കാരിന്റെ ഗ്രേറ്റ് ആർക്കിടെക്ട് അവാർഡ് നേടിയിരുന്നു. ബെംഗളൂരുവിലെ തന്നെ ആദ്യത്തെ ഗ്രീൻബിൽഡിങ് ഐ.ടി പാർക്കായ ബേരീസ് ഗ്ലോബൽ റിസോർട്ട് ട്രയാങ്കിളിന് ലഭിച്ചത് ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ മികച്ച കോൺക്രീറ്റ് കെട്ടിടത്തിന് നൽകുന്ന പുരസ്‌കാരമാണ്.
Content Highlights: Explore the remarkable architectural journey of N.M. Salim, from Kozhikode's iconic buildings to international landmarks, leaving a lasting legacy in design.