5 തവണ കരാർ നീട്ടിയിട്ടും പണിപൂർത്തിയാക്കാതെ സോൺട; മാലിന്യക്കൂമ്പാരം ഷീറ്റിട്ട് മൂടി കോർപ്പറേഷൻ

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണ പ്രശ്നത്തിൽ ജില്ലാ കളക്ടർ നിലപാട് കടുപ്പിച്ചതിന് പിന്നാലെ മാലിന്യ മല പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി കോഴിക്കോട് കോർപ്പറേഷൻ. ഞെളിയൻപറമ്പിലെ ബയോമൈനിങ്ങും ക്യാപ്പിങ്ങും പൂർത്തിയായില്ലെന്നും മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാൻ ഉടൻ കോർപ്പറേഷൻ നടപടിയെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് മാലിന്യക്കൂമ്പാരത്തിന്റെ മുൻഭാഗം പകുതിയോളം മാലിന്യം മറയുന്ന രീതിയിൽ കോർപ്പറേഷൻ സ്വന്തം നിലയ്ക്ക് ഷീറ്റിട്ട് മൂടിയത്.
മാലിന്യ സംസ്കരണത്തിനായി സോണ്ട എന്ന കമ്പനി മൂന്നരക്കോടിയോളം രൂപ ചെലവിട്ടിടത്താണ് കോർപ്പറേഷൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കയറുകെട്ടിയത്. 2.68 ഏക്കർ ഭൂമി ക്യാപ്പിങ് ലൈനർ ഉപയോഗിച്ചു മൂടാൻ സോണ്ട ഇൻഫ്രാടെകിന് സാധിക്കാതെ വന്നതോടെയാണ് കോർപറേഷൻ സ്വന്തം നിലയ്ക്ക് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൂടിയത്. ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയാണ് നടപടി.
മാലിന്യ സംസ്കരണത്തിന് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്ക് 2.68 ഏക്കറിൽ ക്യാപ്പിങ് നടത്തിയെന്നാണ് പറയുന്നത്. എന്നാൽ, ക്യാപ്പിങ് നടത്തിയെന്ന് അവകാശപ്പെടുന്നിടത്ത് പ്ലാസ്റ്റിക് ഇനിയും ഉണ്ടെന്ന് മുൻ കൗൺസലർ ഷമീൽ പറയുന്നു. ഈ മണ്ണ് പ്രത്യേക തരം കവറിങ് ഉപയോഗിച്ച് മൂടിയില്ലെങ്കിൽ മഴയിൽ ഒലിച്ചിറങ്ങി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമെന്ന് പ്രദേശവാസികൾ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സോൺടയ്ക്ക് കൃത്യമായ നിർദ്ദേശം നൽകി അവരെക്കൊണ്ടുതന്നെ പ്രശ്നപരിഹാരമുണ്ടാക്കണമെന്നും പൊല്യൂഷൻ കൺട്രോൾ ബോർഡ് അധികൃതർ പ്രവൃത്തി വിലയിരുത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിക്കുകയായിരുന്നു.
കളക്ടർ ഇടപെട്ടതോടെ അഞ്ച് തവണ കരാർ നീട്ടിക്കൊടുത്തിട്ടും പണിപൂർത്തിയാക്കാത്ത സോൺടയെ സംരക്ഷിച്ച് അടിയന്തര പരിഹാരമാർഗ്ഗങ്ങൾ നേരിട്ട് നടത്തിയിരിക്കുകയാണ് കോർപ്പറേഷൻ. പ്ലാസ്റ്റിക് ഷീറ്റിടാൻ ചെലവായ തുക സോണ്ടയ്ക്കു നൽകാനുള്ള തുകയിൽനിന്ന് കുറയക്കാനാണ് കോർപറേഷൻ ആലോചിക്കുന്നത്.
Content Highlights: njeliyanparambu waste plant controversy with zonta infratech