കേരളത്തിനായി സാധ്യമായതെല്ലാം മോദി ചെയ്യുന്നു, വികസിത കേരളത്തിന് NDA സർക്കാർ വരണം – നിതിൻ നബീൻ

തൃശ്ശൂർ: സംസ്ഥാനത്ത് എൻ.ഡി.എ.യുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നാലേ വികസിത കേരളമെന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി തൃശ്ശൂരിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിനായി സാധ്യമായതെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നുണ്ട്. ഓരോ വർഷവും റെയിൽവേ ബജറ്റിലടക്കം കേരളത്തിന് തുക അനുവദിക്കുന്നുണ്ട്. ടൂറിസം അടക്കമുള്ള മേഖലകളിൽ കേരളത്തിൽ വികസനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായുള്ള കരാർ രാജ്യത്തിന്റെ വളർച്ച വർധിപ്പിക്കും. വിവിധ രാജ്യങ്ങൾ ഇന്ത്യയുമായി കൂടുതൽ കരാറുകളിൽ എത്തും. ലോകത്തെ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഇന്ത്യയുടേത് കുതിപ്പിലാണ്.
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമാണ് ഈ കുതിപ്പിന് കാരണം. സ്റ്റാർട്ടപ്പ്, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികൾ രാജ്യത്തെ ശക്തിപ്പെടുത്തി. വിവിധ പദ്ധതികളിലൂടെ രാജ്യത്തെ യുവാക്കൾ തൊഴിൽ ദാതാക്കളായി. ഇതാണ് രാജ്യത്തിന്റെ ശക്തി. ദേശസുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ പുരോഗതി നേടുകയാണ്. പ്രതിരോധമേഖലയ്ക്കായി ഏറ്റവും ഉയർന്ന തുകയാണ് സർക്കാർ മാറ്റിവെച്ചതെന്നും നിതിൻ നബീൻ അവകാശപ്പെട്ടു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മുതിർന്ന ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്‌ദേക്കർ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ദേശീയ കൗൺസിൽ അംഗം വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, ശോഭാ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: BJP National President Nitin Nabin states an NDA government is crucial for a developed Kerala. PM Modi is prioritizing Kerala`s development, allocating funds for railways, tourism & more. Learn more!