നിതിൻരാജിന്റെ മരണം: ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്; 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഡിജിപി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. കണ്ണൂർ കമ്മിഷണറുടെ ശുപാർശ പ്രകാരമാണ് ഡി.ജി.പി.യുടെ തീരുമാനം.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ രൂപവത്കരിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് നിർദേശം നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം പ്രാഥമിക വിവരങ്ങളും 30 ദിവസത്തിനകം പൂർണമായ അന്വേഷണ റിപ്പോർട്ടും നൽകണമെന്നാണ് ഡി.ജി.പി.യുടെ നിർദേശം.
നിതിൻ രാജിന്റെ മരണത്തിൽ നേരത്തേതന്നെ കുടുംബം സംശയങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് അവർ ഡി.ജി.പി.ക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് കണ്ണൂർ എ.സി.പി.യാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Nithin Raj Death Case: Kerala DGP Transfers Investigation to Crime Branch