ഫൈനലിൽ വിജയം പ്രവചിച്ചു; സഞ്ജു ‘അടിച്ചുതകർത്തപ്പോൾ’ നിതിന്റെ ജീവനക്കാർക്ക് സമ്മാനപ്പെരുമഴ

#പി.ബി. രഞ്ജു
സഞ്ജുവിന്റെ പേരെഴുതിയ കെയ്ക്ക് മുറിച്ച് നിതിൻ ബാബു, ഫെയ ഗാർമെന്റ്സിലെ ജീവനക്കാർക്കൊപ്പം ഇന്ത്യയുടെ ട്വന്റി 20 കിരീടനേട്ടം ആഘോഷിക്കുന്നു
സഞ്ജുവിന്റെ പേരെഴുതിയ കെയ്ക്ക് മുറിച്ച് നിതിൻ ബാബു, ഫെയ ഗാർമെന്റ്സിലെ ജീവനക്കാർക്കൊപ്പം ഇന്ത്യയുടെ ട്വന്റി 20 കിരീടനേട്ടം ആഘോഷിക്കുന്നു

പാമ്പാടി(കോട്ടയം): ട്വന്റി 20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസൺ പാഡണിഞ്ഞപ്പോൾ, ആരാധകനായ പാമ്പാടി വെള്ളൂർ പൊന്നപ്പൻസിറ്റി മറ്റത്തിൽ നിതിൻ ബാബു പാഡും കെട്ടി ബാറ്റുമേന്തിയാണ് കളികാണാൻ ടിവിക്ക് മുന്നിലിരുന്നത്. പ്രിയതാരം സഞ്ജുവിനോടുള്ള ആരാധന അതിലൊതുങ്ങിയില്ല. സഞ്ജുവിന്റെ ഓരോ കളിക്കും, തന്റെ സ്ഥാപനമായ ഫെയ ഗാർമെന്റ്സിലെ ജീവനക്കാർക്ക് നിതിന്റെ വക സമ്മാനപ്പെരുമഴയും ഉണ്ടായി.

സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചാൽ മാൻ ഓഫ് ദി സീരീസ് ആകുമെന്നും നിതിൻ പ്രവചിച്ചു. പ്രധാനമത്സരങ്ങളിൽ സഞ്ജു ‘മാൻ ഓഫ് ദി മാച്ച്’ ആയാൽ തന്റെ ജീവനക്കാർക്ക് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു. ക്വാർട്ടർ ഫൈനലിൽ സഞ്ജു മാൻ ഓഫ് ദി മാച്ച് ആയപ്പോൾ സ്ഥാപനത്തിലെ 82 ജീവനക്കാർക്കും 500 രൂപ വീതം നൽകി. സെമിഫൈനലിലും സഞ്ജു നേട്ടം ആവർത്തിച്ചപ്പോൾ സമ്മാനം 1000 രൂപയായി.

ഫൈനലിൽ സഞ്ജു മാൻ ഓഫ് ദി സീരീസ് ആയപ്പോൾ 2000 രൂപ വീതം നൽകി. എല്ലാവർക്കും തുക നൽകിയശേഷം കെയ്ക്ക് മുറിച്ചാണ് അദ്ദേഹം ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. ഇതുകൂടാതെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സഞ്ജുവിനെക്കുറിച്ച് ചെയ്ത വീഡിയോയ്ക്ക് കമന്റിട്ട പത്തുപേർക്ക് 500 രൂപ വീതവും നൽകി.

അവിടെയും തീർന്നില്ല, ജീവനക്കാരിൽ എട്ടുപേർക്ക് ബെംഗളൂരുവിലേക്ക് സൗജന്യവിമാനയാത്രയ്ക്കുള്ള സൗകര്യവും ഒരുക്കും. എല്ലാത്തിനും കൂട്ടായി ഭാര്യ ബ്ലെസ്സിയും ഉണ്ട്. ഇവർക്ക് അഞ്ചുമക്കളാണ്.

കിറ്റ് വാങ്ങാൻ പണമില്ലാതിരുന്നതിനാൽ സെലക്ഷന് പോകാൻ സാധിക്കാതിരുന്ന, പരിശീലന ക്യാമ്പുകൾ അകലെനിന്ന് നോക്കിനിന്ന ഒരു കുട്ടിക്കാലം തനിക്ക് ഉണ്ടായിരുന്നെന്നും നിതിൻബാബു പറയുന്നു.

Content Highlights: Nithin Babu rewarded 82 employees for Sanju Samson's performances in the T20 World Cup., Cash prizes increased from 500 to 2000 rupees based on Sanju's match achievements., Nithin also announced free flight trips to Bengaluru for eight employees., The gesture stems from Nithin's own childhood struggles and passion for cricket.